കൽപറ്റ-വയനാട്ടിൽ മൂന്നു പേരിൽ കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊറോണ വൈറസ് ബാധയ്ക്കു ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. ജില്ലയിൽ നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്നു പ്രവാസികൾ രോഗമുക്തി നേടി വീടുകളിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ രണ്ടിനു രോഗം സ്ഥിരീകരിച്ച മാനന്തവാടി ടൗൺ പരിധിയിലെ 52 കാരനായ ലോറി ഡ്രൈവറുടെ 88 വയസ്സുള്ള അമ്മ, 49 കാരിയായ ഭാര്യ, ലോറി ക്ലീനറുടെ 20 വയസ്സുള്ള മകൻ എന്നിവരിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡ്രൈവറുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവ പരിശോധനയിലാണ് മൂന്നു പേരിൽ രോഗം കണ്ടെത്തിയത്. വീടുകളിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ തിങ്കാളാഴ്ച രാത്രി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നിലവിൽ ചികിത്സയിലുള്ള നാലു പേരുമായി സമ്പർക്കമുണ്ടായ മുഴുവൻ ആളുകളുടെയും സ്രവം പരിശോധിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ചെന്നെ കോയമ്പേട് മാർക്കറ്റിൽനിന്നു ഏപ്രിൽ 26 നു മാനന്തവാടിയിലെത്തിയ ഡ്രൈവറുടെ സ്രവം 29 നാണ് പരിശോധനയ്ക്കു അയച്ചത്. ഡ്രൈവർക്കൊപ്പം ലോറിയിൽ ഉണ്ടായിരുന്നയാളുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാഫലം പോസിറ്റീവയതു ആശങ്കയ്ക്കിടയാക്കി. ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്നയാളുടെ സ്രവം മൂന്നാമതും പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ചെന്നൈയിൽനിന്നു മാനന്തവാടിയിലെത്തിയ ഡ്രൈവറും സഹായിയും ലോഡ് ഇറക്കുന്നതിനും മറ്റുമായി മാനന്തവാടി മുനിസിപ്പാലിറ്റിയിലെയും തിരുനെല്ലി, മീനങ്ങാടി, എടവക, വെള്ളമുണ്ട പഞ്ചായത്തുകളിലെയും ചില പ്രദേശങ്ങളിൽ എത്തുകയും ആളുകളുമായി സമ്പർക്കത്തിൽ എർപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ ഏഴ്, എട്ട്, ഒമ്പത്, 10, 21, 22, 25, 26, 27, എടവക പഞ്ചായത്തിലെ 12, 14, 16, വെളളമുണ്ട പഞ്ചായത്തിലെ 9,10,11, 12, മീനങ്ങാടി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 17, വാർഡുകളും തിരുനെല്ലി പഞ്ചായത്ത് പൂർണമായും അമ്പലവയൽ പഞ്ചായത്തിലെ മാങ്ങോട്ട്, മീനങ്ങാടി പഞ്ചായത്തിലെ തച്ചമ്പത്ത് കോളനികളും കണ്ടയിൻമെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ചു ഇന്നലെ മുതൽ 14 ദിവസത്തേക്കു അടച്ചിട്ടിരിക്കയാണ്.
ജില്ലയിൽ പുതുതായി 286 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1166 ആയി.
20 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 502 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 444 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 51 ഫലം ലഭിക്കാനുണ്ട്. 539 സർവയലൻസ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 309 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 230 ഫലം ലഭിക്കാനുണ്ട്.