തിരുവനന്തപുരം- കോവിഡ് 19 പരിശോധനയില്ലാതെ പ്രവാസികളെ വിമാനത്തില്‍ സംസ്ഥാനത്ത് എത്തിക്കുന്നത് അപകടം സൃഷ്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദേശത്ത് പരിശോധന നടത്താത്തസാഹചര്യത്തില്‍ ഇവിടെയെത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയിലാണ് പ്രവാസികള്‍ വരുന്നതെങ്കില്‍ ചുരുങ്ങിയത് ഏഴു ദിവസം സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സംവിധാനത്തില്‍ കഴിയണം. ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് മടങ്ങിവരുന്ന മലയാളികളും ഇത്തരത്തില്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഴാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തും. ഫലം അടുത്ത ദിവസം വരും. നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്കയക്കും. പോസിറ്റീവായാല്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ഫലം വന്ന് വീട്ടിലേക്ക് പോകുന്നവര്‍ തുടര്‍ന്നും ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്തും. രണ്ടു ലക്ഷം ടെസ്റ്റ് കിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് പുറമെ എല്ലാ ജില്ലകളിലും ക്വാറന്റൈന് സംവിധാനമുണ്ടാവും.