ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരി, മോക്ഡ്രില്ലും നടത്തി

കൊച്ചി- കോവിഡ് 19 ന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഒരുക്കങ്ങളാണ് നാട്ടില്‍ മടങ്ങിയെത്തുന്ന മലയാളികളായ പ്രവാസികള്‍ക്കുവേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അധികൃതര്‍ വിമാനത്താവളത്തില്‍ നടത്തിയിട്ടുള്ളത്.
വിമാന താവളത്തിന്റെ ടെര്‍മിനല്‍ 3 യിലെ അറൈവല്‍ ഭാഗത്ത് തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ യാത്രക്കാരുടെ ശരീരോഷ്മാവ് പ്രത്യേകമായി അളക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക സംഘം തന്നെ നിലയുറപ്പിക്കും.
വിമാനമിറങ്ങി ടെര്‍മിനലിലേക്ക് വരുന്ന യാത്രക്കാര്‍ പാലിക്കേണ്ട അകലം മനസ്സിലാക്കാനായി ഈ ഭാഗത്ത് പ്രത്യേകമായി മാര്‍ക്കിംഗ് നടത്തിട്ടുണ്ട്. അത് അനുസരിച്ചായിരുക്കും യാത്രക്കാര്‍ വിമാനത്താവളത്തിലെ അറൈവല്‍ ഭാഗത്ത് പ്രവേശിക്കേണ്ടത് വിമാനത്താവളത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്നീട് കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്താലായിരിക്കും പ്രവര്‍ത്തനങ്ങള്‍. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഇറങ്ങി താമസ സ്ഥലത്ത് എത്തി ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെയുള്ള സംവിധാനങ്ങള്‍ ഈ സോഫ്റ്റ്വെയര്‍ മുഖേന ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാര്‍ കസ്റ്റംസ്, എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ക്ക് വിധേയമാകുന്നതിന് മുന്‍പായി യാത്രക്ഷീണവും മറ്റും മാറുന്നതിനായി വിശ്രമിക്കാന്‍ പ്രത്യേകമായി സജീകരിച്ച ഐസോലേഷന്‍ എരിയയിലാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്. തുണി കുഷ്യനുകളും മറ്റും ഒഴിവാക്കി പൂര്‍ണമായും പ്ലാസ്റ്റിക് കസേരകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രോഗ ലക്ഷണങ്ങള്‍ കണ്ടെതുന്നവരെ പുറത്തു കടത്താതെ ഇവിടെനിന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനങ്ങളും വിമാനത്താവളത്തില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ സുരക്ഷക്കായി വീടുകളില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശിക്കുക. വിവിധ വിഭാഗങ്ങളില്‍ നടപ്പിലാക്കുന്ന ക്രമീകരണങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി പല തവണ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ചു മോക്ഡ്രില്‍ നടത്തിയിരുന്നു.

 

Latest News