Sorry, you need to enable JavaScript to visit this website.

ചരിത്രമുറങ്ങുന്ന ബേക്കൽ കോട്ട

ബേക്കലിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ബോർഡ് 

കാസർക്കോട്ടെ പ്രസിദ്ധമായ ബേക്കൽകോട്ട വീരേതിഹാസങ്ങൾ അരങ്ങേറിയതിന് മൂകസാക്ഷിയായിട്ടുണ്ട്. ആയിരക്കണക്കിന് സൈനികർ രക്തരൂഷിതമായ പോരാട്ടത്തിൽ വീര രക്തസാക്ഷിത്വം വരിച്ചതിന് പല കാലത്തായി ഭൂമികയുമായിട്ടുണ്ട് ഈ ശക്തിദുർഗം. അതിൽ പ്രാദേശിക രാജാക്കൻമാർ തമ്മിൽ തമ്മിലുള്ള നാണംകെട്ട അധികാര വടംവലിയുടെയും അധീശത്വമുറപ്പിക്കലിന്റെയും ചോരയിറ്റുന്ന ചരിത്ര സ്മരണകളുണ്ട്. ഒപ്പം വൈദേശിക ശക്തികളുടെ അക്രമണോത്സുകതയുടെയും തദ്ദേശീയ ഭരണകൂടങ്ങളെ കൈയൂക്കും തന്ത്രജ്ഞതയും ചതിയും വഞ്ചനയും കൊണ്ട് കീഴടക്കുകയോ, തങ്ങൾക്കനുകൂലമായി നിലനിർത്തിക്കൊണ്ട് അവരിൽ നിന്നും നിർബന്ധപൂർവവും നിരന്തരം കപ്പവും കാണിക്കയും വാങ്ങി നാടിനെ സാമ്പത്തികമായി തളർത്തി നശിപ്പിക്കുകയോ ചെയ്തതിന്റെ നെറികെട്ട കഥകളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ സംഭവ ബഹുലമാണ് ബേക്കൽ കോട്ടയുടെ ചരിത്രം.


കേരളത്തിൽ പ്രധാനപ്പെട്ട ഏഴോളം കോട്ടകളുണ്ട്. അവയിൽ ഭൂരിഭാഗവും നിർമിച്ചത് കച്ചവടക്കാരായി വന്ന വിദേശികളായിരുന്നു. അവരുടെ അധികാരത്തിന്റെയും അപ്രമാദിത്തത്തിന്റെയും തദ്ദേശീയരോട് അവർ കാട്ടിയ അനേകമനേകം കൊടുംക്രൂരതകളുടെയും പ്രതീകമായി ആ കോട്ടകൾ മാറി. തലശ്ശേരി കോട്ടയും തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ടയും നിർമിക്കുന്നത് ഇംഗ്ലീഷുകാരാണ്. പോർച്ചുഗീസുകാരാണ് കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ടയും എറണാകുളത്തെ പള്ളിപ്പുറം കോട്ടയും പണി കഴിപ്പിക്കുന്നത്. പാലക്കാട് കോട്ടയുടെ നിർമിതി നടക്കുന്നത് ടിപ്പു സുൽത്താന്റെ പിതാവും മൈസൂർ രാജാവുമായ ഹൈദരലിയുടെ കാലത്താണ്. അതേസമയം പ്രസിദ്ധങ്ങളായ മറ്റു രണ്ട് കോട്ടകൾ -ബേക്കൽ കോട്ടയും ചന്ദ്രഗിരികോട്ടയും- നിർമിക്കുന്നത് തദ്ദേശീയ രാജാക്കൻമാർ തന്നെയാണ്. 


കേരളത്തിലെ ഏറ്റവും വിസ്തൃതമായ കോട്ട എന്ന നിലയിലാണ് ബേക്കൽ കോട്ട പ്രസിദ്ധമാകുന്നത്. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ടയുള്ളത്. ഏതാണ്ട് 40 ഏക്കറിലായി പരന്നു കിടക്കുന്ന അതിബൃഹത്തും അത്ഭുതകരവുമായ ഒരു നിർമിതിയാണിത്. വൈദേശികമായ സാങ്കേതികതയോ ശിൽപവിദ്യയോ കാര്യമായി ഉപയോഗിക്കാതെ തദ്ദേശീയമായ അറിവിന്റെയും കഴിവിന്റെയും പിൻബലത്തിൽ നിർമിക്കപ്പെട്ടത് എന്ന പ്രത്യേകതയും ബേക്കൽ കോട്ടക്കുണ്ട്. കേരളത്തിലെ പല കോട്ടകളും കടൽതീരത്തോട് തൊട്ടാണ് കിടക്കുന്നത്. ഉദാഹരണത്തിന് കണ്ണൂർ, തലശ്ശേരി കോട്ടകൾ. അതേസമയം കടലിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിലാണ് ബേക്കൽ കോട്ട നിർമിച്ചിരിക്കുന്നത്. അത് ഈ കോട്ടയുടെ ഒരു പ്രധാന സവിശേഷതയുമാണ്. 


ബേക്കൽ കോട്ടയുടെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗവും അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. നിരന്തരമായി അലച്ചെത്തുന്ന തിരകളുടെ തലോടൽ ഏറ്റുവാങ്ങിയാണ് കോട്ടയുടെ കിടപ്പ്. കോട്ടയുടെ ഉയർന്ന കടൽ ഭിത്തിക്ക് മുകളിൽ നിൽക്കുമ്പോൾ സൂക്ഷ്മമായി ചെവിയോർത്താൽ കോട്ടയുടെ കീഴെ ഒന്നിന് പിറകെ ഒന്നായി അലച്ചെത്തി തല്ലിത്തകർത്ത് പൊട്ടിച്ചിതറുന്ന തിരമാലകളുടെ ചിലമ്പിച്ച ശബ്ദം നൂറ്റാണ്ടുകൾക്കപ്പുറം അവിടെ പടവെട്ടി മരിച്ച അനേകമനേകം യോദ്ധാക്കളുടെ ദീനവിലാപം പോലെ നമുക്കനുഭപ്പെടും. കോട്ടയെ വലംവെച്ച് ചുറ്റും വീശിയടിക്കുന്ന സുഖശീതളമായ കാറ്റിന് ശിരസ്സ് ഛേദിക്കപ്പെട്ട ആ ഭടൻമാരുടെ ചോരച്ചൂര് മണക്കുന്നുണ്ടോ എന്ന സംശയവും നമുക്കുണ്ടാകാം.

 


കേരളത്തിലെ മികച്ച കോട്ടകളായി കരുതപ്പെടുന്ന കണ്ണൂർ-തലശ്ശേരി കോട്ടകളേക്കാൾ ഈടും ഉറപ്പും ബേക്കൽ കോട്ടക്കുണ്ട് എന്നാണ് പുരാവസ്തു ഗവേഷകരുടെ ഒരു വിലയിരുത്തൽ. പരിസര പ്രദേശത്ത് അന്ന് ലഭ്യമായ ഉറപ്പുള്ള ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നുത്. കോട്ടക്കകത്തെ സൗകര്യങ്ങളാകട്ടെ മറ്റു കോട്ടകളേക്കാൾ മെച്ചപ്പെട്ടതും അതിവിദഗ്ധമായി രൂപകൽപന ചെയ്യപ്പെട്ടതുമാണ്. ആയുധപ്പുര, കടലിന് നേർക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ, കടൽ വഴി വരുന്ന പടക്കപ്പലുകളെ നേരിടാനുള്ള ഇടങ്ങൾ, കരയിൽ നിന്നെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, ജലസംഭരണി, ഒളിത്താവളങ്ങൾ, രഹസ്യ ഭൂഗർഭ അറകൾ, ഭൂഗർഭ പാതകൾ, സുരക്ഷാ സന്നാഹങ്ങൾ, അപകടത്തിൽ പെടുന്നവർക്കും മുറിവേൽക്കുന്നവർക്കും നൽകുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങൾ തുടങ്ങിയവ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് കോട്ടക്കകത്ത് ഒരുക്കിയിരുന്നത്. കോട്ട നിർമാണത്തിൽ ആധുനിക സാങ്കേതിക വിദ്യ കൈവശമുണ്ടായിരുന്ന ഇംഗ്ലീഷുകാരേക്കാൾ വിദഗ്ധമായ രീതിയിലാണ് തദ്ദേശീയമായ സാങ്കേതികത്തികവോടെ ഇന്നാട്ടുകാർ ബേക്കൽ കോട്ട പണികഴിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
താക്കോൽ ആകൃതിയിലുള്ള ബേക്കൽ കോട്ടയുടെ രൂപകൽപന തന്നെ അത്യപൂർവമായി മാത്രം ലോകത്ത് കാണുന്ന തരത്തിലുള്ളതാണ്. സത്യത്തിൽ അത് അക്കാലത്തെ തദ്ദേശീയരായ കോട്ട നിർമാണ വിദഗ്ധരുടെ സാങ്കേതിക ജ്ഞാനത്തിനും അസാധാരണ വാസ്തുശിൽപ വൈദഗ്ധ്യത്തിനും മികച്ച ഉദാഹരണമായി പറയാം. ഏതാണ്ട് 50 അടിയോളം ഉയരത്തിലായി കടലിലേക്ക് തള്ളി നിൽക്കുന്ന വാച്ച് ടവർ കോട്ടയിലെ തന്ത്രപ്രധാനമായ ഒരിടമാണ്. പഴയ കാലത്ത് ആ ടവറിന് മുകളിൽ നിന്നുകൊണ്ട് ഭടൻമാർ ഊഴമിട്ട് 24 മണിക്കൂറും അറബിക്കടൽ നിരീക്ഷിക്കുമായിരുന്നു. അതു വഴിയെത്തുന്ന പടക്കപ്പലുകളിലെ തദ്ദേശീയരും വിദേശീയരുമായ ശത്രുക്കളെ കുറിച്ച് സൈന്യത്തിന് അപ്പപ്പോൾ അവർ വിവരം നൽകി. ഇന്നും അവിടെ നിന്നു നോക്കിയാൽ നമുക്ക് കടലിന്റെ അതിവിദൂരമായ കാഴ്ച കിട്ടും. കൂടാതെ കാഞ്ഞങ്ങാട്, പള്ളിക്കര, ബേക്കൽ, കൊട്ടിക്കുളം, അജന്നൂർ, ചെമ്മനാട്, ഉദുമ തുടങ്ങിയ പ്രദേശങ്ങളും അസ്സലായി കാണാൻ കഴിയും. 


ബേക്കൽ കോട്ടക്ക് 350 ലേറെ വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം കോട്ട നിർമിച്ച കാലത്തെ കുറിച്ചും നിർമിച്ചവരെ കുറിച്ചും ചരിത്രത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ബേക്കൽ ഉൾപ്പെടുന്ന കാസർക്കോട് ദേശം മുഴുവൻ ഒരു കാലത്ത് മഹോദയപുരം വാണ പെരുമാക്കൻമാരുടെ കീഴിലായിരുന്നു. ബേക്കൽ എന്ന പ്രദേശത്തിന്റെ അറിയപ്പെടുന്ന ആദ്യകാല ചരിത്രവും അതാണ്. മഹോദയപുരത്തിന്റെ പതനത്തെ തുടർന്ന് ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടെ ആ പ്രദേശം കോലത്തിരി രാജവംശത്തിന്റെ കീഴിലായി. അവരാണ് ബേക്കൽ കോട്ട പണിതത് എന്നാണ് ഒരു അഭിപ്രായം. തെക്കൻ കർണാടകയിലെ ബദനൂർ കേന്ദ്രമായി ഭരിച്ചിരുന്ന ഇക്കേരി രാജവംശവുമായി കോലത്തിരി രാജാക്കൻമാർ നിരന്തരം യുദ്ധത്തിലേർപ്പെട്ട കാലമായിരുന്നു അത്. അവരിൽ നിന്ന് മലബാറിനെ ശാശ്വതമായി രക്ഷിച്ചെടുക്കാനുള്ള നിരന്തര യുദ്ധങ്ങൾക്ക് ചുക്കാൻ പിടിക്കാനുള്ള തന്ത്രപ്രധാനമായ ഒരിടം എന്ന നിലയിലാണ് കോലത്തിരി രാജാക്കൻമാർ ബേക്കൽ കോട്ട നിർമിച്ചത് എന്നാണ് കരുതപ്പെടുന്നത്. പ്രമുഖ ചരിത്രകാരനായിരുന്ന കെ.പി. പത്മനാഭ മേനോൻ തന്റെ കേരള ചരിത്രം എന്ന പുസ്തകത്തിൽ ആ അഭിപ്രായമാണ് പങ്കുവെക്കുന്നത്.


അതേസമയം മറ്റൊരു നിഗമനമുള്ളത് ബദനൂരിലെ ഇക്കേരി രാജാക്കൻമാരാണ് ബേക്കൽ കോട്ട നിർമിച്ചത് എന്നാണ്. ഇക്കേരി രാജവംശം നൂറ്റാണ്ടുകളായി വിജയനഗര സാമ്രാജ്യവുമായി ഗാഢമായ സൗഹൃദ ബന്ധം പുലർത്തിവന്നവരായിരുന്നു. ഈ സൗഹൃദത്തിന്റെ ചങ്കൂറ്റത്തിലാണ് ഇക്കേരി രാജാക്കൻമാർ കോലത്തിരിയുടെ മലബാറിനെ ആക്രമിക്കാൻ പലപ്പോഴും മുതിർന്നത്. അതിന് ആളും അർഥവും ആയുധങ്ങളും നൽകി വിജയനഗര രാജാക്കൻമാർ ഇക്കേരി വംശത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1565 ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗര സാമ്രാജ്യം തകർന്നപ്പോൾ അതിലെ വലിയൊരു ഭാഗം കൈയയ്യടക്കി ഇക്കേരി രാജാക്കൻമാർ തെന്നിന്ത്യയിൽ പ്രബല ശക്തിയായി വളർന്നു. താമസിയാതെ അവർ കോലത്തിരിയുടെ രാജ്യം കീഴടക്കി മലബാറിന്റെ അധിപൻമാരായി. ബേക്കൽ കോട്ട കീഴടക്കാനുള്ള ഇക്കേരി സൈന്യത്തിന്റെ ശ്രമത്തെ ചെറുത്തു തോൽപിക്കാനുള്ള ഉദ്യമത്തിനിടയിൽ കോലത്തിരി രാജാക്കൻമാരുടെ നൂറുകണക്കിന് ധീര ഭടന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവർക്കൊപ്പം കോട്ടക്കകത്ത് ആത്മഹത്യ ചെയ്ത അവരുടെ കുടുംബാംഗങ്ങൾ അനവധിയായിരുന്നു.


സമുദ്ര തീരവും തുറമുഖ നഗരവുമായ മലബാറിന്റെ വാണിജ്യ പ്രാധാന്യം ആദ്യമേ തന്നെ ഇക്കേരി രാജാക്കൻമാർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഉൾപ്പെടെയുള്ള വൈദേശിക സുഗന്ധദ്രവ്യ വ്യാപാരികളുടെ അങ്ങോട്ടുള്ള വരവ് അവർ കണക്കുകൂട്ടിയതാണ്. അതിന് തടയിടാനാണ് ഇക്കേരി രാജാവായ ഹിരിയവെങ്കടപ്പ നായക്കൻ ബേക്കൽ കോട്ടയുടെ നിർമാണം ആരംഭിച്ചത്. തുടർന്ന് 1645-60 കാലത്ത് ഇക്കേരി രാജാക്കന്മാരിലെ പ്രമുഖനായ ശിവപ്പനായക്കൻ ഭരണത്തിലിരിക്കുമ്പോഴാണ് കോട്ടയുടെ പണി പൂർത്തിയാകുന്നത്. അതേസമയം കോലത്തിരി രാജാക്കന്മാർ പണിത കോട്ടയെ പുതുക്കിപ്പണിയുക മാത്രമാണ് ശിവപ്പനായക്കൻ ചെയ്തത് എന്ന വാദവും നിലവിലുണ്ട്. ചരിത്രകാരനായ എച്ച്.എ. സ്റ്റുവേർട്ട് തന്റെ ഹാന്റ് ബുക്ക് ഓഫ് സൗത്ത് കാനറയിൽ ആ വാദത്തിനാണ് പ്രാമുഖ്യം നൽകുന്നത്. അതെന്തായാലും 17 ാം നൂറ്റാണ്ടിൽ ബേക്കൽ കോട്ട നിർമിച്ചു എന്നാണ് പൊതുവെ പുരാവസ്തു വകുപ്പിന്റെ വിലയിരുത്തൽ.
1763 ൽ മൈസൂർ സുൽത്താനായ ഹൈദരലി ഇക്കേരി രാജാക്കൻമാരെ തോൽപിച്ച് ബദനൂരിന്റെ അധിപനായി. അതോടെ ബേക്കൽ കോട്ടയുൾപ്പെടുന്ന പ്രദേശം മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമായി. പക്ഷേ, ഹൈദരലി പല തവണ മലബാറിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ ബേക്കൽ കോട്ടയിലേക്ക് കാര്യമായി പതിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പിൻതുടർന്ന് മൈസൂർ സാമ്രാജ്യത്തിന്റെ അധിപനായ ടിപ്പു സുൽത്താൻ തന്റെ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പടയോട്ട കാലത്ത് ഈ കോട്ടയെ പ്രധാന താവളമായി കണ്ടിരുന്നു. ഇംഗ്ലീഷുകാർക്കെതിരെയുള്ള ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ തന്റെ സൈനിക നീക്കത്തിനും പ്രതിരോധത്തിനുമുള്ള മുഖ്യ കേന്ദ്രം എന്ന നിലയിലും ടിപ്പു ബേക്കൽ കോട്ടയെ ഉപയോഗപ്പെടുത്തി എന്നത് ചരിത്രം. എന്തായാലും 1799 ലെ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു സുൽത്താൻ പരാജയപ്പെട്ടതോടെ ബേക്കൽ കോട്ടയുടെ അവകാശം ഇംഗ്ലീഷുകാരുടെ കൈകളിലായി.


ഇംഗ്ലീഷുകാർ ബേക്കൽ കോട്ടയെ ദീർഘകാലം കൈവശം വെച്ച് മലബാറിലെ തങ്ങളുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി നിലനിർത്തി. പ്രാദേശിക രാജാക്കന്മാർക്കെതിരേയും പോർച്ചുഗീസുകാർ, ഡച്ചുകാർ തുടങ്ങിയ വിദേശികൾക്കെതിരേയുമുള്ള പോരാട്ടത്തിലെ പ്രധാന താവളമായി അവർ കോട്ടയെ പ്രയോജനപ്പെടുത്തി. പിൽക്കാലത്ത് ഈ കോട്ട മലബാർ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ആധിപത്യ പ്രദേശത്തിന്റെ ഭരണ സിരാകേന്ദ്രമായി മാറി. അതിനായുള്ള റെക്കോർഡ് സൂക്ഷിപ്പും ഓഫീസുമായി കോട്ടയെ ബ്രിട്ടീഷുകാർ പരിവർത്തനം ചെയ്തു. പിന്നീട് മലബാറിൽ അവരുടെ ശക്തി കുറഞ്ഞതോടെ അവർ കോട്ടയെ കൈയൊഴിഞ്ഞു. അതോടെ ബേക്കൽ കോട്ടയുടെ പ്രതാപം അസ്തമിക്കുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം ദീർഘകാലമായി അവഗണനയിലായിരുന്ന ബേക്കൽ കോട്ട ഇന്ന് ഇന്ത്യൻ ആർക്കിയോളജിക്കൽ വകുപ്പിന്റെ സംരക്ഷണയിലാണ്. അവർ കൃത്യമായ അറ്റകുറ്റപ്പണികളും നിയന്ത്രണങ്ങളും നടത്തി കോട്ടയെ നല്ല നിലയിൽ നിലനിർത്തിപ്പോരുന്നുണ്ട്. മണിരത്‌നത്തിന്റെ പ്രസിദ്ധ സിനിമയായ ബോംബെയിലെ ഉയിരേ എന്ന ഗാനത്തിന്റെ ചിത്രീകരണം ബേക്കൽ കോട്ടയിലായിരുന്നു. അതോടെ ടുറിസ്റ്റുകളുടെ ശ്രദ്ധ വൻതോതിൽ അവിടേക്ക് പതിഞ്ഞു. ഇന്ന് തെന്നിന്ത്യയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ബേക്കൽ കോട്ട മാറിയിട്ടുണ്ട്. ബേക്കൽ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ, കോട്ടയും അത് ഉൾപ്പെടുന്ന വിസ്തൃതമായ കടൽതീരവും ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

 

 

 

Latest News