കോവിഡ് ചികിത്സക്കിടെ ഗുജറാത്തില്‍ അത്ഭുതമെന്ന് ഡോക്ടർമാർ

അഹമ്മദാബാദ്- ഗുജറാത്തില്‍ എച്ച്.ഐ.വി പോസിറ്റീവായ രോഗി കോവിഡിനെ അതിജീവിച്ചത് അത്ഭുതമായെന്ന് ഡോക്ടര്‍മാര്‍. വിരാംഗം താലൂക്കിലാണ് കോവിഡ്-19 ബാധിതനായ യുവാവ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍നിന്ന് വീട്ടില്‍ മടങ്ങി എത്തിയത്.


കോവിഡ് ബാധിക്കുമ്പോള്‍ 27 കാരന്റെ ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വെറും 2.3 ശതമാനം മാത്രമായിരുന്നു. കടുത്ത വിളര്‍ച്ച ബാധിച്ചിരുന്ന യുവാവിനെ ഏപ്രില്‍ 15 നാണ് അഹമ്മദാബാദ് അസര്‍വയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് നാലിന് കോവിഡ് ഭേദമായി  ആശുപത്രി വിട്ടു.


എച്ച്‌ഐവി ബാധിതനായതിനാല്‍ ഇയാളുടെ കാര്യത്തില്‍ കടുത്ത ആശങ്ക നിലനിന്നിരുന്നതായി ഡിഡിഒ അരുണ്‍ മഹേഷ് ബാബു പറഞ്ഞു. ഇരുപത് ദിവസത്തെ ചികിത്സയ്ക്കിടെ മൂന്ന് തവണ ഇയാളില്‍ രക്തം മാറ്റി. കോവിഡ് ബാധിക്കുന്നതിന് മുമ്പ് തന്നെ യുവാവ് ആന്റി റിട്രോവൈറല്‍ തെറാപ്പിക്ക് വിധേയനായിരുന്നു. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാനായി മൂന്ന് തരത്തിലുള്ള പ്രതിരോധമരുന്നുകള്‍ സംയോജിപ്പിച്ച് നല്‍കുന്ന ചികിത്സയാണ് ആന്റി റിട്രോവൈറല്‍.


പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചതോടെയാണ് യുവാവിന്  കോവിഡിനെ അതിജീവിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  ആശുപത്രിയിലെത്തുന്ന സമയത്ത് ആരോഗ്യനില ആശാവഹമായിരുന്നില്ലെന്നും യുവാവ് കോവിഡ് മുക്തനായത് രാജ്യത്തിന്റെ കോവിഡ് ചികിത്സാചരിത്രത്തില്‍ അത്ഭുതമായി അവശേഷിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ശരിയായ ചികിത്സയും പിന്തുണയും ലഭിച്ചാല്‍ എച്ച്‌ഐവി ബാധിതര്‍ക്ക് സാധാരണക്കാരനെ പോലെ ഏതു രോഗത്തേയും അതിജീവിക്കാന്‍ സാധിക്കുമെന്ന് സ്‌പെഷ്യലിസ്റ്റായ ഡോ. അതുല്‍ പട്ടേല്‍ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി യുവാവിന്റെ ചികിത്സയുടെ വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍സംഘം തയാറാക്കി വരികയാണ്. കോവിഡിനോടൊപ്പം എച്ച്‌ഐവിയെ കുറിച്ചള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ഇത് സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  വീട്ടുകാരും ഗ്രാമവാസികളും നല്‍കിയ വരവേല്‍പിന്റെ വീഡിയോ അഹമ്മദാബാദ് ഡിഡിഒ ഓഫീസ് പകര്‍ത്തി പുറത്തുവിട്ടു.

 

Latest News