പ്രവാസികളില്‍നിന്ന് വിമാനക്കൂലി ഈടാക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ന്യൂദല്‍ഹി- വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് വിമാന യാത്രയുടെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ലോക്‌താന്ത്രിക് യുവ ജനതാദൾ ദേശീയ അധ്യക്ഷന്‍ സലീം മടവൂർ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. വിദേശ രാജ്യങ്ങളില്‍നിന്ന് രോഗികളെയും തൊഴില്‍ രഹിതരെയും തിരികെ എത്തിക്കുന്നതിന് യാത്രചെലവ് ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മനുഷ്യത്വരഹിതമാണെന്നും അവരെ സൗജന്യമായി കൊണ്ടുവരാ‍ന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സലീം പരാതിനല്‍കിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യക്കാരെയാണ് വിമാന മാര്‍ഗവും കടല്‍ മാര്‍ഗവും ഇന്ത്യയിലെത്തിക്കാന്‍ തയാറെടുക്കുന്നത്. 13 രാജ്യങ്ങളില്‍ നിന്നായി 14,800 പേരെ ആദ്യ ആഴ്ചയില്‍ 64 വിമാനങ്ങളിലായി തിരിച്ചെത്തിക്കാനാണ് പദ്ധതി. ഗൾഫ് രാജ്യങ്ങൾക്കൊപ്പം അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും ആദ്യ ഘട്ടത്തിൽ തന്നെ ചില വിമാനങ്ങൾ അയക്കും.

Latest News