ശ്രീലങ്ക പോലെ അത്ര സമ്പന്നമല്ലാത്ത രാജ്യത്തെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന് വ്യോമഗതാഗത രംഗത്ത് സുപ്രധാന സ്ഥാനമുണ്ട്. കൊളംബോ നഗരത്തിൽ നിന്ന് അകലെ നിഗംബുവിനടുത്ത് ഗ്രാമം പോലൊരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയർപോർട്ടിലെത്തിയാൽ ലോകത്തിന്റെ ഏത് ഭാഗത്തും എത്തിച്ചേരാം. ആഭ്യന്തര സംഘർഷത്തിൽ നിന്ന് മോചിതമായ ശ്രീലങ്ക ആദ്യം ശ്രദ്ധിച്ചതും എയർ ട്രാഫിക് രംഗത്തെ പ്രാധാന്യം നിലനിർത്താനാണ്. യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലങ്കൻ പ്രവാസികൾക്ക് സുഖകരമായ യാത്രാ സൗകര്യമൊരുക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്തു പകരാനും ഇത് സഹായകമായി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാന ട്രാൻസിറ്റ് പോയന്റ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ്. തിരക്കേറിയ ദുബായ്, അബുദാബി എയർപോർട്ടുകളിൽ ആധുനിക സംവിധാനങ്ങളേർപ്പെടുത്തിയത് വിദേശ യാത്രികർക്ക് സൗകര്യപ്രദമായിട്ടുണ്ട്. യു.എ.ഇ അല്ലാത്ത മറ്റൊരു ചോയ്സ് എന്ന നിലയിൽ പരിഗണിക്കപ്പെടാറുള്ളത് ദോഹ വിമാനത്താവളമാണ്. കുവൈത്തിൽ നിന്നുള്ള അമേരിക്കൻ വിമാന സർവീസുകൾക്കും ആവശ്യക്കാരേറെയാണ്. കേരളത്തിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുൾപ്പെടെ കാനഡ, യു.എസ്, ബ്രിട്ടൻ എന്നിവടങ്ങളിലേക്ക് പറക്കുന്നവരുടെയെല്ലാം ഇടത്താവളം ദോഹ വിമാനത്താവളമായിരുന്നു. ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ദോഹയുടെ പ്രാധാന്യം കുറഞ്ഞു. ട്രാൻസിറ്റ് സേവനങ്ങളിൽ മികവ് പുലർത്തി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളവും ഇതേ നിലവാരത്തിലേക്ക് ഉയർന്നു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജൂണിന് ശേഷമുള്ള കാലയളവിൽ മസ്കത്ത്, കുവൈത്ത് വിമാന താവളങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 9 മില്യൺ യാത്രക്കാർ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തിയതായി സർക്കാർ സ്ഥിതി വിവരകണക്കുകൾ വ്യക്തമാക്കുന്നു. പുറപ്പെട്ടവരുടെ എണ്ണത്തിൽ 19 ശതമാനവും എത്തിച്ചേർന്നതിൽ 16 ശതമാനവുമാണ് കൂടിയത്. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ. തൊട്ടു പിന്നിൽ പാക്കിസ്ഥാനും. മസ്കത്ത് പോലെ സലാല എയർപോർട്ടിൽ നിന്നുള്ള ട്രാൻസിറ്റും വർധിച്ചു. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, വളം തുടങ്ങിയവയുടെ ഇറക്കുമതിക്ക് ആശ്രയിക്കാവുന്ന കേന്ദ്രമായി വളർത്തിയെടുത്ത് മിഡിൽ ഈസ്റ്റിലെ കാർഗോ ഗേറ്റ് വേ ആക്കി മാറ്റാനും അധികൃതർ പദ്ധതിയിടുന്നു.
ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് നേരിട്ട് പറന്നിരുന്ന വിമാന സർവീസുകളുടെ അഭാവത്തിൽ മലബാറുകാരുടെ പരിഗണനാ പട്ടികയിൽ ആദ്യ സ്ഥാനവും ഇപ്പോൾ ഒമാൻ എയറിനാണ്. ഈ സെക്ടറിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് വിമാന കമ്പനി നിത്യേന രണ്ട് സർവീസുകളാണ് കോഴിക്കോടിനും ജിദ്ദയ്ക്കുമിടയിൽ നടത്തുന്നത്. വൈഡ് ബോഡി എയർ ക്രാഫ്റ്റിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് കോഴിക്കോട്ടേക്ക് ജംബോ സർവീസ് തുടങ്ങാനും ഇവർ ഒരുങ്ങിക്കഴിഞ്ഞു. വിമാനം മാറി കയറുന്നതിന്റെ ആയാസമറിയാതെ യാത്രക്കാരെ സഹായിക്കാൻ ഓരോ പോയന്റിലും തയാറായി നിൽക്കുകയാണ് മസ്കത്ത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ. ഹിന്ദി, ഇംഗഌഷ്, അറബിക്, ഉർദു, മലയാളം ഭാഷകളിൽ സൗഹൃദപൂർവം ആശയ വിനിമയം നടത്താനും ഉദ്യോഗസ്ഥർക്ക് കഴിയുന്നു. താഴ്ന്ന വരുമാനക്കാരെയും യുവതലമുറകളെയും ആകർഷിക്കാനുള്ള എല്ലാ വിദ്യകളും ഒമാൻ വിമാനത്താവള അധികൃതർ പ്രയോഗിച്ചിട്ടുണ്ട്. രണ്ടോ, മൂന്നോ മണിക്കൂർ നേരത്തെ ട്രാൻസ്ഫറിനിടയിലെ വിരസതയകറ്റാൻ സൗജന്യ വൈ ഫൈ സംവിധാനം കാത്തിരിപ്പ് കേന്ദ്രങ്ങളിലുണ്ട്. എയർപോർട്ട് കെട്ടിടത്തിലെ കടയിൽ നിന്ന് ലഘുഭക്ഷണവും പാനീയവും കഴിക്കുകയെന്നത് പലർക്കും പേടി സ്വപ്നമാണ്. നല്ല ഗുണ നിലവാരമുള്ള ചായയും ~ഇഡ്ലി സെറ്റും എട്ട് റിയാലിന് വിമാനത്താവളത്തിൽ ലഭിക്കുന്നു. വൈഫൈ കളിച്ച് വിമാനം പുറപ്പെടുന്ന സമയം മറന്നു പോയാലും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ബോർഡിംഗ് പാസ് വാങ്ങി റിപ്പോർട്ട് ചെയ്യാത്ത യാത്രക്കാരനെ തേടി എയർപോർട്ട് ഉദ്യോഗസ്ഥർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ വരെ എത്തും.






