പാരീസ്- ഫ്രാൻസിൽ കൊറോണ വൈറസ് ഡിസംബറിൽ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടർ. ഡിസംബർ 27ന് പാരീസിൽ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാൾക്ക് കൊറോണയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
ചികിത്സ സമയത്ത് ഉപയോഗിച്ച പഞ്ഞി ഇപ്പോൾ പരിശോധിച്ചതിൽ നിന്ന് രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡോ. യെവ്‌സ് കോഹൻ ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. അൻപത് വയസുള്ള രോഗിക്ക് അസുഖം പൂർണമായും ഭേദമായിരുന്നു. എന്നാൽ ഇയാൾ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നില്ലാത്തതിനാൽ രോഗം ബാധിച്ചത് എങ്ങനെയെന്ന കാര്യം വ്യക്തമല്ല.
വാർത്ത പുറത്തുവന്നതോടെ ഇപ്പോൾ കരുതുന്നതിലും ഒരു മാസത്തിന് മുമ്പ് തന്നെ കൊറോണ ഫ്രാൻസിൽ എത്തിയിരുന്നുവെന്നാണ് വിലയിരുത്തൽ. ഇതുവരെ ജനുവരി 24ന് സ്ഥിരീകരിച്ച മൂന്ന് കേസുകളാണ് ഫ്രാൻസിലെ ആദ്യ കൊറോണ കേസുകളായി കണക്കാക്കിയിരുന്നത്. ഇതിൽ രണ്ട് പേർ രോഗം ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഒരാൾ ഇവരുമായി അടുത്ത് ഇടപഴകിയ ആളും.
ഡിസബർ, ജനുവരി മാസങ്ങളിൽ ഫ്‌ളൂ ലക്ഷണങ്ങളുമായി എത്തിയ രോഗികളുടെ ഫയൽ പരിശോധിച്ചാണ് ഡോക്ടർ യെവ്‌സ് കോഹൻ ഈ നിഗമനത്തിൽ എത്തിയത്. 14 രോഗികളുടെ പഞ്ഞിയാണ് ഡോക്ടർ പരിശോധിച്ചത്.






