കോട്ടയം - ചുമട്ടുതൊഴിലാളിക്ക്് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച കോട്ടയം മാർക്കറ്റ് പത്താം നാൾ തുറന്നതോടെ റെഡ് സോണിന്റെ നിയന്ത്രണങ്ങളിലും നഗരത്തിലേക്ക് ജനം ഒഴുകി. നഗരത്തിന്റെ പ്രധാന നിരത്തായ എം.ജി റോഡിൽനിന്നുളള പ്രവേശന മാർഗം തുറന്നില്ല. പകരം കോടിമതയിൽനിന്നുളള റോഡിലൂടെയായിരുന്നു പ്രവേശനം. മാർക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തുറന്നത്്.
ചുമട്ടു തൊഴിലാളിക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏപ്രിൽ 23 നാണ് മാർക്കറ്റ് അടച്ചത്. ഇതോടെ കോട്ടയത്തെ ചെറുകിട വ്യാപാര മേഖല ആകെ സ്്തംഭനത്തിലായി. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾ എടുക്കുന്നതിനായി ഏറ്റുമാനൂർ മാർക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്്. ഒരു ദിവസം മാർക്കറ്റ് അണുനശീകരണത്തിനായും കേടായ സാധനങ്ങൾ മാറ്റുന്നതിനുമായി മൂന്നു മണിക്കൂർ തുറന്നിരുന്നു. ഇതിനിടെ മാർക്കറ്റ്് തുറക്കുന്നതിനുളള രാഷ്ട്രീയ സമ്മർദവും ശക്തമായി. കണ്ടെയ്ന്റ്‌മെന്റ് സോണുകൾ 14 ദിവസം വരെ അടച്ചിടാറുണ്ടെങ്കിലും ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രം എന്ന നിലയിൽ തുറക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ നാലു മുതൽ ആറു വരെ പഴം, പച്ചക്കറി, മത്സ്യ ലോറികൾക്കും ആറു മുതൽ എട്ടു വരെ പലചരക്ക് സാധനങ്ങളുമായി വന്ന ലോറികൾക്കുമാണ് മാർക്കറ്റിലേക്ക് പ്രവേശനം അനുവദിച്ചത്. കോടിമതയിൽനിന്ന് മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വ്യാപാരികളുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്‌കിൽ സമയക്രമീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. വ്യാപാരികളുടെ പ്രതിനിധികൾക്കു പുറമെ മുനിസിപ്പാലിറ്റി, പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഏർപ്പെടുത്തിയിരുന്നു.
എത്തുന്ന ലോറികൾക്ക് ഹെൽപ് ഡെസ്‌കിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്. വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങൾ, ലോഡ് ഇറക്കുന്ന സ്ഥാപനം, അനുവദിക്കപ്പെട്ടിട്ടുള്ള സമയം എന്നിവ രേഖപ്പെടുത്തിയ ശേഷം ഇതേ വിവരങ്ങൾ അടങ്ങിയ പാസ് ജീവനക്കാർക്കു നൽകും. ഇവിടെത്തന്നെ ഇൻഫ്രാ റെഡ് തെർമോമീറ്റർ ഉപയോഗിച്ച് ലോറി ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ലോറി അണുവിമുക്തമാക്കുകയും ചെയ്യാനാണ് തീരുമാനം.
ലോറികളിൽ എത്തുന്നവർക്ക് പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടെത്തിയാൽ ആശുപത്രിയിൽ പരിശോധന നടത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലോഡ് ഇറക്കിയാലുടൻ ലോറികൾ മാർക്കറ്റിൽനിന്ന് പുറത്തു പോകണമെന്ന് നിബന്ധനയുണ്ട്. ചില്ലറ വ്യാപാരികളുടെ ചെറുവാഹനങ്ങളും അണുവിമുക്തമാക്കി. വ്യാപാര ശാലകളിൽ മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ലോറികളിലെ ജീവനക്കാർക്ക് ഭക്ഷണം ഹോട്ടലുകളിൽനിന്ന് പാഴ്‌സലായി എത്തിക്കുന്നതിന് വ്യാപാരികൾ ക്രമീകരണം ഏർപ്പെടുത്തി. പച്ചക്കറി മാർക്കറ്റിൽ ഒരു ബ്ലോക്കിലെ ടോയ്‌ലറ്റുകൾ പൂർണമായും ഇവർക്കായി മാറ്റിവെച്ചിരിക്കുന്നു.