കോഴിക്കോട്- കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ കൂടി ഇന്നലെ രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂർണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയും വടകര, കണ്ണൂർ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എല്ലാവരും രോഗമുക്തരായി.
എല്ലാവരെയും രോഗമുക്തരാക്കാനായത് കോഴിക്കോട് മെഡിക്കൽ കോളേജിന് മികച്ച നേട്ടമായി. ഇതുകൂടാതെ കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ ഒരു പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും കോഴിക്കോടിന് ആശ്വാസമായി. ഇന്ന് 70 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ജില്ലയിൽ ഇതുവരെ 22,465 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇപ്പോൾ ജില്ലയിൽ 1029 പേർ നിരീക്ഷണത്തിൽ ഉണ്ട്. പുതുതായി വന്ന ആറ് പേർ ഉൾപ്പെടെ 30 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
ഇന്നലെ 103 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2015 സ്രവ സാംപിളുകൾ പരിശോധനയ്ക്കയച്ചതിൽ 1867 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1833 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളിൽ 178 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.