റിയാദ് - ആരോഗ്യ മന്ത്രാലയത്തിനും സ്വകാര്യ മേഖലക്കും കീഴിലെ ഡെന്റൽ ക്ലിനിക്കുകളും ചർമരോഗ ക്ലിനിക്കുകളും പടിപടിയായി തുറന്നു പ്രവർത്തിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കൊറോണ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ ശുപാർശയുടെ അടിസ്ഥാനത്തിലും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങൾ വിലയിരുത്തിയുമാണ് ഡെന്റൽ ക്ലിനിക്കുകളും ചർമരോഗ ക്ലിനിക്കുകളും തുറന്നു പ്രവർത്തിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയത്. ഡെന്റൽ ക്ലിനിക്കുകളും ചർമരോഗ ക്ലിനിക്കുകളും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയ ശുപാർശകൾ പ്രത്യേക കമ്മിറ്റി അംഗീകരിക്കുകയും ഇത് ഡെപ്യൂട്ടി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഇത് പിന്നീട് അന്തിമമായി അംഗീകരിച്ചു.
വ്യവസ്ഥകളെല്ലാം പൂർണമാണെങ്കിൽ ചർമരോഗ ക്ലിനിക്കുകൾ സൗകര്യം പോലെ ഏതു ദിവസവും വീണ്ടും തുറക്കാവുന്നതാണ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഒരാഴ്ചക്കു ശേഷമാണ് ഡെന്റൽ ക്ലിനിക്കുകൾ തുറക്കാൻ അനുവദിക്കുക. ഡെന്റൽ ക്ലിനിക്കുകളും ചർമരോഗ ക്ലിനിക്കുകളും 50 ശതമാനം ശേഷിയിലാണ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കുക. ക്ലിനിക്കുകളിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും പണമിടപാട് സാധ്യമായത്ര കുറക്കണമെന്നും നിർദേശമുണ്ട്. സ്ഥാപനങ്ങൾക്കകത്ത് രോഗികൾക്ക് പ്രാഥമിക കൊറോണ പരിശോധനകൾ നടത്തുന്നതിന് പ്രത്യേക ഏരിയ സജ്ജീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.
വയോജനങ്ങൾ, പ്രമേഹവും രക്തസമ്മർദവും പോലെ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർ, എയിഡ്‌സ് രോഗികൾ, ഗർഭിണികൾ എന്നീ വിഭാഗങ്ങളിൽ പെടാത്ത രോഗികൾക്ക് ദന്ത, ചർമരോഗ ക്ലിനിക്കുകളിൽ ചികിത്സകളിൽ മുൻഗണന നൽകണം. 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർക്കും അടിയന്തിരമല്ലാത്ത ചികിത്സകൾ നീട്ടിവെക്കണമെന്നും നിർദേശമുണ്ട്.
രോഗികൾ തമ്മിലുള്ള സമ്പർക്കം കുറക്കുന്നതിന് മതിയായ ഇടവേള ഉറപ്പു വരുത്തുന്ന നിലക്ക് രോഗികളുടെ അപ്പോയിന്റ്‌മെന്റ് പ്രത്യേക സമയക്രമം നിശ്ചയിച്ച് ക്രമീകരിക്കണം. കുട്ടികളും വികലാംഗരും വൃദ്ധരും പോലെയുള്ള കേസുകൾ ഒഴികെയുള്ള രോഗികളെ അനുഗമിക്കാൻ മറ്റുള്ളവരെ അനുവദിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ക്ലിനിക്കുകൾ സന്ദർശിക്കുന്നതിനു മുമ്പായി ഫോണുകളോ ആപ്പുകളോ വീഡിയോ കോളുകളോ വഴി രോഗികളുമായി ആശയവിനിമയം നടത്തി ജലദോഷ ലക്ഷണങ്ങളില്ല എന്ന് ഉറപ്പു വരുത്തണം. രോഗിയുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കില്ലെങ്കിൽ അപ്പോയിന്റ്‌മെന്റ് നീട്ടിവെക്കുന്ന കാര്യവും പരിശോധിക്കണം. രോഗികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാൻ മാത്രം വെയ്റ്റിംഗ് റൂം വിശാലമല്ലെങ്കിൽ കാറുകളിൽ കാത്തിരിക്കാൻ രോഗികളോട് നിർദേശിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്മ കണികകൾ വായുവിലേക്ക് പ്രവഹിക്കാൻ ഇടയാക്കുന്ന നിലക്കുള്ള ചികിത്സകളാണ് നൽകുന്നതെങ്കിൽ എൻ-95 ഇനത്തിൽ പെട്ട മാസ്‌കുകളും കണ്ണുകൾക്ക് സംരക്ഷണം നൽകുന്ന പ്രത്യേക കണ്ണടകളും ഫെയ്‌സ് ഷീൽഡും ശിരോമൂടിയും മെഡിക്കൽ പ്രതിരോധ വസ്ത്രങ്ങളും ധരിക്കൽ നിർബന്ധമാണ്. നിലവിൽ ദന്ത ചികിത്സക്കു മുമ്പായി കൊറോണയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് പ്രതിരോധ ദ്രാവകങ്ങൾ ഉപയോഗിച്ച് വായ കഴുകുന്നതിന് രോഗികളെ നിർബന്ധിക്കുന്നത് പിന്തുണക്കുന്ന മെഡിക്കൽ പിൻബലങ്ങളൊന്നുമില്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായക്കുള്ളിൽ വെച്ച് എക്‌സ്‌റേ എടുക്കുന്നതിനു പകരം വായക്ക് പുറത്തു വെച്ച് എക്‌സ്‌റേ എടുക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.
കൊറോണ നിർമാർജന നടപടികളെ കുറിച്ച് ദന്ത, ചർമരോഗ ക്ലിനിക്കുകളിലെ മുഴുവൻ ജീവനക്കാർക്കും അവബോധമുണ്ട് എന്ന കാര്യം ഉറപ്പു വരുത്തുകയും ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുകയും വേണം. ദന്ത, ചർമരോഗ ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ മറ്റു താമസക്കാരുടെ സുരക്ഷക്കും രോഗവ്യാപനം തടയുന്നതിനും മുഴുവൻ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.






