കാസര്‍കോട്- രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്നിരുന്ന മലയാളികള്‍ കേരളത്തിലേക്ക് എത്തി തുടങ്ങി. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അതിരാവിലെ മുതല്‍ മലയാളി സംഘം എത്തിയിരുന്നു. തലപ്പാടി അതിര്‍ത്തിയില്‍ തയാറാക്കിയ ഹെല്‍പ് ഡെസ്‌കില്‍ എത്തിയ ആളുകളെ ആരോഗ്യവകുപ്പ് വിശദമായ വൈദ്യപരിശോധനക്ക് വിധേയരാക്കി.
സംശയമുള്ളവരെ നിരീക്ഷണത്തില്‍ ആക്കുകയും മറ്റുള്ളവരെ വീടുകളിലേക്ക് വിടുകയും ചെയ്തു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു ഇ പാസ് ലഭിച്ചവരെയാണ് അതിര്‍ത്തിയില്‍ വൈദ്യപരിശോധന നടത്തി കടത്തിവിടുന്നത്. 84 പാസുകള്‍ക്കാണ് അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഇതില്‍ 79 വാഹനങ്ങളില്‍ എത്തിയവര്‍ തലപ്പാടി അതിര്‍ത്തി വഴി കടത്തിവിട്ടു. അഞ്ച് പേരെ വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയും കേരളത്തിലേക്ക് കടത്തി.
വീടുകളിലേക്ക് പോകാന്‍ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാട് ചെയ്യണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രവാസി മലയാളികള്‍ക്ക് പോകുന്നതിനു സര്‍ക്കാര്‍ വാഹനം ഏര്‍പ്പാട് ചെയ്യില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. തലപ്പാടിയില്‍ അതിര്‍ത്തി കടന്നുവരുന്നവരെ പരിശോധിക്കുന്നതിന് 100 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ജില്ലാഭരണകൂടം തയാറാക്കിയിരുന്നു. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ദല്‍ഹി, ബീഹാര്‍, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുളള ഏകദേശം 4500 ഓളം പേര്‍ സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.






