സ്‌കൂട്ടര്‍ വര്‍ക്‌ഷോപ്പില്‍ 42 ദിവസം; മന്ത്രിയുടെ ഇടപെടലില്‍ നാട്ടിലേക്ക്

കാസര്‍കോട് -ലോക്ഡൗണിനെ തുടര്‍ന്ന് 42 ദിവസമായി സ്‌കൂട്ടര്‍ വര്‍ക്‌ഷോപ്പിലെ കുടുസ്സുമുറിയില്‍ കഴിഞ്ഞ തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ മൂന്നു പേരെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുന്‍കൈയെടുത്ത് അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ സജി സണ്ണി, തിരുവനന്തപുരം മീനാങ്കരയിലെ ആര്‍.എന്‍. നികേത്, പാലക്കാട് കുഴല്‍മന്ദത്തെ രാജീവ് ബാല്‍ എന്നിവരാണ് കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ ഒരു ടുവീലര്‍ വര്‍ക്ക് ഷോപ്പില്‍ ഇത്രയും ദിവസം കഴിഞ്ഞുകൂടിയത്. സജി സണ്ണിയും നികേതും ഒരു കാറിലും രാജീവ്ബാല്‍ മറ്റൊരു കാറിലുമാണ് യാത്രയായത്. രാജീവ് ബാലിനെ സഹായിക്കാന്‍ കാഞ്ഞങ്ങാട് പുതുക്കൈയിലെ എം. ഗിരീഷ്‌കുമാര്‍ എന്നയാള്‍ സ്വമേധയാ മുന്നോട്ടു വരികയായിരുന്നു. മറ്റുള്ള രണ്ടുപേര്‍ക്കും തിരുവനന്തപുരത്ത്‌നിന്നു കാര്‍ എത്തിക്കുകയാണ് ചെയ്തത്. ഗിരീഷ്‌കുമാറിന്റെ കാറില്‍ മൂന്നു പേരും കണ്ണൂര്‍ വരെയെത്തി. ഇതിനിടെ സജി സണ്ണിയേയും നികേതിനേയും കൂട്ടിക്കൊണ്ടുപ്പോകാന്‍ ഏര്‍പ്പാടാക്കിയ കാര്‍ തിരുവനന്തപുരത്തു നിന്നുകണ്ണൂരിലെത്തിയിരുന്നു. രണ്ടു കാറിനുമുള്ള യാത്രാപ്പാസ് മന്ത്രിയുടെ ഓഫീസില്‍നിന്നു തന്നെ ശരിയാക്കി കാസര്‍കോട് ജില്ലാ ഭരണകൂടത്തിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. അമേരിക്കന്‍ ആഡംബര കപ്പലിലെ ഉദ്യോഗസ്ഥനാണ് ഇവരെ സഹായിക്കാന്‍ മുന്നോട്ടുവന്ന ഗിരീഷ്‌കുമാര്‍.

 

Latest News