Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ - Video

ഗാന്ധിനഗര്‍- ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് മടങ്ങാന്‍ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നിരത്തിലിറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വജ്ര, തുണി വ്യവസായങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ധാരാളം പേരുള്ള സൂറത്തില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുന്ന നാലാമത്തെ സംഭവമാണ് ഇത്. 

സൂറത്തിലെ വരേലിയിലെ മാർക്കറ്റ് ഏരിയയ്ക്ക് പുറത്ത് തടിച്ചുകൂടിയ തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിചാര്‍ജ്ജ് ചെയ്തതോടെ പ്രതിഷേധക്കാരില്‍ ചിലര്‍ പോലിസിനെതിരെ കല്ലെറിഞ്ഞു. തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിച്ച് പോലിസ് പ്രതിഷേധക്കാരെ നേരിട്ടു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടിയര്‍ ഗ്യാസിന് പുറമെ, പോലിസ് പ്രതിഷേധക്കാര്‍ക്കെതിരെ കല്ലെറിയുന്നതും എ‌എന്‍‌ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

നാട്ടിലേക്ക് തിരിച്ച് പോകാന്‍ സൗകര്യം ഒരുക്കുകയെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. നേരത്തേ ജോലി ചെയ്തതിനുള്ള കൂലി ലഭിക്കാത്തത് കാരണം വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും.

Latest News