Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കൂട്ടക്കൊലക്കേസ്; ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കോടതി സമന്‍സ്

അഹമദാബാദ്- 2002-ലെ ഗുജറാത്ത് കലാപത്തിനിടെ നരോദാ ഗ്രാമില്‍ 11 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ സാക്ഷി പറയാന്‍ ഹാജരാകണമെന്ന് വിചാരണ കോടതി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. കേസില്‍ പ്രതിയായ മുന്‍ നരേന്ദ്ര മോഡി മന്ത്രിസഭാംഗം മായ കൊട്‌നാനിക്കു വേണ്ടി സാക്ഷി വിസ്താരം നടത്താന്‍ ഈ മാസം 18-ന് ഹാജരകാണമെന്നാണ് പ്രത്യേക കോടതി ഷായോട് ഉത്തരവിട്ടത്. 

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ 28 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മായ കൊട്‌നാനി ഈ കേസില്‍ തനിക്കു സാക്ഷി പറയാന്‍ ഷായ്ക്ക് കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഷായുടെ അഹമദാബാദ് വിലാസത്തില്‍ സമന്‍സ് അയക്കാമെന്ന് കൊട്‌നാനിയുടെ അഭിഭാഷകന്‍ അമിത് പട്ടേല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടത്. ഇനി കോടതിയില്‍ മായ കൊട്‌നാനിക്കു വേണ്ടി സാക്ഷി പറയാന്‍ ഹാജരാകണോ വേണ്ടയോ എന്ന കാര്യത്തില്‍ ഷായ്ക്ക് തീരുമാനമെടുക്കാം.

സമന്‍സ് അയക്കാന്‍ ഷായുടെ വിലാസം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വെള്ളിയാഴ്ച കൊട്‌നാനി കോടതിയില്‍ പറഞ്ഞിരുന്നു. അന്നുവരെ തനിക്ക് ഷായെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇതു പരിഗണിച്ച് പത്ത് ദിവസം കൂടി സമയം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 

2002 ഫെബ്രുവരി 28-ന് നരോദ ഗാമില്‍ 11 മുസ്ലിംകളുടെ കൂട്ടക്കൊലയ്ക്കിടയാക്കിയ സംഭവത്തിലെ 82 പ്രതികളിലൊരാളാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രമുഖ കൂടിയായ മായ കൊട്‌നാനി. ഗൂഡാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് നരോദ ഗാം കേസില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

 

 

 

 

Latest News