ന്യൂദൽഹി- ലോക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് അവരവർ തന്നെ എടുക്കണമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് കോൺഗ്രസിന്റെ തിരിച്ചടി. ഏതെങ്കിലും തൊഴിലാളിക്ക് ടിക്കറ്റ് ആവശ്യമുണ്ടെങ്കിൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം സൗകര്യം ചെയ്തുകൊടുക്കണമെന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധി നിർദ്ദേശം നൽകി.
തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ തീരുമാനമെന്ന് സോണിയ വ്യക്തമാക്കി. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ അംബാസിഡർമാരാണ് തൊഴിലാളികൾ. വിദേശത്ത് കുടുങ്ങിയ തൊഴിലാളികളെ അടക്കം സൗജന്യടിക്കറ്റ് നൽകി തിരിച്ചുകൊണ്ടുവരണം. അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. ഇന്ത്യാ വിഭജനത്തിന് ശേഷം ഇത്രയും കൂടുതൽ ആളുകൾ സ്വന്തം നാട്ടിലേക്ക് ആശ്രയമേതുമില്ലാതെ നടന്നുപോകുന്നത് ഇതാദ്യമാണ്. നൂറുകണക്കിന് കിലോമീറ്റുകളാണ് ജനം നടന്നത്. ഭക്ഷണമില്ലാതെ, മരുന്നുകളില്ലാതെ, പണമില്ലാതെ, ഗതാഗതസൗകര്യമില്ലാതെയാണ് ജനം നടന്നത്. പ്രിയപ്പെട്ടവരുടെ അടുത്തെത്തുക എന്നതല്ലാതെ മറ്റൊരു ആഗ്രഹവും അവർക്കുണ്ടായിരുന്നില്ല. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ തിരികെ എത്തിക്കണം. ഈ പ്രതിസന്ധി ഘട്ടത്തിലും അവരിൽനിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു.