തന്റെ മരണം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു  മെഡിക്കല്‍ ടീം-ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍-ഐസിയുവിലേക്ക് മാറ്റിയ തന്റെ മരണം പ്രഖ്യാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കോവിഡ് രോഗബാധയെത്തുടര്‍ന്ന് ചകിത്സ തേടി ആശുപത്രി വിട്ട ശേഷം ബോറിസ് ജോണ്‍സണ്‍ ആദ്യമായാണ് തന്റെ രോഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിശദമായ അഭിപ്രായം രേഖപ്പെടുത്തുന്നത്.
'ദുഷ്‌കരമായ ഒരു കാലമായിരുന്നു അത് എന്നത് ഞാന്‍ നിഷേധിക്കില്ല. കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ഡോക്ടര്‍മാര്‍ നടത്തിയിരുന്നു', യു.കെയിലെ സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.
'സ്റ്റാലിന്‍ മരണപ്പെട്ടതുപോലയുള്ള പരിതസ്ഥിതിയെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങള്‍ അവര്‍ അതിനോടകം തന്നെ ആവിഷ്‌കരിച്ചിരുന്നു. ആ സമയങ്ങളില്‍ ഞാന്‍ നല്ല അവസ്ഥയിലായിരുന്നില്ല. ആകസ്മികമായ സന്ദര്‍ഭങ്ങളെ നേരിടാനുള്ള തയാറെടുപ്പുകള്‍ അവര്‍ നടത്തിയിരുന്നു', ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പക്ഷെ  മരിക്കാന്‍ പോവുകയാണെന്ന തോന്നല്‍ തനിക്കൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍ അഭിമുഖത്തിനിടെ പറഞ്ഞു.
'സുഖം പ്രാപിക്കാത്തതിന്റെ അസ്വസ്ഥതകളിലായിരുന്നു താന്‍. എന്നാല്‍ ശ്വാസനാളത്തിലേക്ക് കൃത്രിമ ശ്വാസത്തിനായുള്ള കുഴലിറക്കി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനായി ഡോക്ടര്‍മാര്‍ ഒരുങ്ങിയപ്പോഴാണ് യഥാര്‍ഥ അവസ്ഥ മനസ്സിലാക്കുന്നത്'. തന്നെ ബാധിച്ച രോഗത്തെ ആദ്യം ഗൗരവത്തില്‍ കണ്ടിരുന്നില്ലെന്നും ബോറിസ് ജോണ്‍സണ്‍ അഭിമുഖത്തിനിടെ പറഞ്ഞു.


 

Latest News