Sorry, you need to enable JavaScript to visit this website.

വിമാനക്കമ്പനികളെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ കാലം 

ഫ്രാങ്ക്ഫര്‍ട്ട്- കൊറോണ ഏറ്റവും വലിയ പരിക്കേല്‍പ്പിച്ചവയാണ് വിമാനക്കമ്പനികളും ടൂറിസവും. ടൂറിസം സമീപകാലത്തൊന്നും സാധാരണ നില കൈവരിക്കില്ല എന്നിരിക്കെ ഉപഭോക്താക്കള്‍ക്ക് മുടങ്ങിപ്പോയ അവധിക്കാല യാത്രകളുടെ റീഫണ്ട് എന്ന വന്‍ ബാധ്യത വിമാനക്കമ്പനികളുടെ തലയ്ക്കു മുകളില്‍ കൊടുവാളായി തൂങ്ങിക്കിടക്കുകയാണ്. മുടങ്ങിയ അവധിക്കാല യാത്രികര്‍ക്ക് റീഫണ്ട് നല്‍കേണ്ടത് ഏതാണ്ട് 7 ബില്യണ്‍ ഡോളറാണ്.  പ്രതിസന്ധിയില്‍ മുങ്ങിയ വിമാനക്കമ്പനികള്‍ ഇതെങ്ങനെ നല്‍കുമെന്ന ആശങ്കയിലാണ്. റീഫണ്ടിനായി ഉപഭോക്താക്കള്‍ ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും.
ദശ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആണ് പണം നഷ്ടപ്പെട്ടു ഇരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം, ഉപഭോക്താക്കള്‍ക്ക് യാത്ര റദ്ദാക്കി ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കണം എന്നാണ് . എന്നാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ യാത്രകളാണ് റദ്ദാക്കിയത്. ഈ തുക നല്‍കുന്നതിന് വിമാനക്കമ്പനികള്‍ക്കു സമയം കൂടിയെ തീരു എന്ന സ്ഥിതിയാണ്. ഉടനെയൊന്നും യാത്രയ്ക്ക് സാഹചര്യം ഇല്ലാത്തതാണ് പ്രതിസന്ധി കൂട്ടിയത്.
ചെലവ് കുറയ്ക്കാനും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാനുമാണ് വിമാനക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്ന വഴി.  2019 കാലയളവിന് സമാനമായ തോതില്‍ യാത്രക്കാരെ ലഭിക്കാന്‍ ഇനി വര്‍ഷങ്ങളെടുക്കും.കോവിഡ് പ്രതിസന്ധിയുടെ പരിണിത ഫലങ്ങള്‍ കമ്പനി നേരിടേണ്ടി വരുമെന്ന് നേരത്തെ ബ്രിട്ടീഷ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവായ അലക്‌സ് ക്രൂസും മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യോമയാന മേഖല നിശ്ചലമായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്.4500 പൈലറ്റുമാരും 16000 കാബിന്‍ ക്യൂ അംഗങ്ങളു മടക്കം 42,000 ജീവനക്കാരാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിലുള്ളത്.
ലോക്ക്ഡൗണിന് ശേഷം വിമാനയാത്രകള്‍ അത്ര എളുപ്പമായിരിക്കില്ലെന്നാണ് പ്രവചനം. വിമാന സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ വിമാനചാര്‍ജുകള്‍ കുത്തനെ ഉയരും. ഓരോ യാത്രക്കാരും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ മാത്രമേ യാത്രക്കാരെ കയറ്റാന്‍ സാധിക്കുകയുള്ളൂ. ഓരോ വിമാനത്തിലും നിലവിലുളളതിലും വളരെ കുറച്ച് യാത്രക്കാരെ മാത്രമേ കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂ. ഇക്കാരണത്താല്‍ സ്വാഭാവികമായും വിമാനനിരക്ക് കൂടും. അഞ്ച് വര്‍ഷങ്ങളെങ്കിലും വിമാന ചാര്‍ജ് പതിവിലുമധികം നല്‍കേണ്ടി വരുമെന്നാണ് ട്രാവല്‍ എക്‌സ്പര്‍ട്ടും കണ്‍സള്‍ട്ടന്‍സി ഏവിയേഷന്‍ അഡ്വക്കസിയുടെ എംഡിയായ ആന്‍ഡ്ര്യൂ ചാല്‍ട്ടന്‍ മുന്നറിയിപ്പേകുന്നത്. കൊറോണക്കെതിരായ വാക്‌സിന്‍ കണ്ടെത്തിയാലും വിമാനയാത്ര കൊറോണക്ക് മുമ്പുള്ള നിലയിലേക്കെത്താന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലുമെടുക്കുമെന്നും അതിനാല്‍ ഈ കാലയളവില്‍ പതിവിലുമധികം വിമാനക്കൂലി കൊടുക്കേണ്ടി വരുമെന്നുറപ്പാണെന്നും അദ്ദേഹം പ്രവചിക്കുന്നു. ഈ അധിക ചാര്‍ജ് അഞ്ച് വര്‍ഷം വരെ നീണ്ടേക്കാം.ലോക്ക്ഡൗണിന് ശേഷം വളരെ കുറച്ച് വിമാനങ്ങളേ പറക്കുകയുള്ളുവെന്നും അവയില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം പതിവിലും കുറവായിരിക്കുമെന്നും പിപിഇ പോലുള്ളവ ധരിക്കണമെന്നതും സാമൂഹിക അകലം പാലിക്കണമെന്നതും പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കും

Latest News