മസ്‌കത്ത്- കഴിഞ്ഞ വർഷം മാർച്ച് നാലിന് യെമനിൽനിന്ന് മുസ്്‌ലിം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിച്ചതായി സൂചന. ടോമിനെ ഉടൻ കേരളത്തിലേക്ക് എത്തിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ഇടപെടലാണ് ടോമിന്റെ മോചനം സാധ്യമാക്കിയത്. ടോം ഇപ്പോൾ ഒമാനിലുണ്ടെന്നാണ് വിവരം. അവശനിലയിലായ ടോം ഒമാനിലെ ആശുപത്രിയിലാണ്.
മദർ തെരേസ രൂപം നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി യെമനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് കഴിഞ്ഞ മാർച്ചിൽ ടോമിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകളടക്കം പതിനാറ് പേരെ വെടിവെച്ചുകൊന്ന ശേഷമായിരുന്നു ടോമിനെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയ ഭീകര സംഘടനയെ പറ്റി വിവരമില്ലായിരുന്നു. നിരവധി തവണ തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ടോമിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. ഈ വർഷം മേയിലാണ് ടോമിന്റെ വീഡിയോ ഏറ്റവുമൊടുവിൽ പുറത്തുവന്നത്.






