ലഖ്‌നൗ- കോവിഡ് ബാധയെ ചെറുക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായ ദിവസം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനായി സൈന്യം നടത്തിയ പുഷ്പവൃഷ്ടിയെ വിമര്‍ശിച്ച് എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവരുടെ മേല്‍ പുഷ്പവൃഷ്ടി നടത്തിയതിന്റെ പ്രസക്തി എന്താണെന്നായിരുന്നു അഖിലേഷ് യാദവിന്റെ ചോദ്യം.
'പല ക്വാറന്റൈന്‍ സെന്ററുകളിലും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പല സ്ഥലങ്ങളിലും കൃത്യമായി ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഈ സാഹപര്യങ്ങള്‍ നിലനില്‍ക്കെ, പുഷ്പ വൃഷ്ടിയുടെ പ്രസക്തി എന്താണ്? അഖിലേഷ് യാദവ് ചോദിച്ചു. ട്വീറ്ററിലൂടെയായിരുന്നു വിമര്‍ശനം.
ഉത്തര്‍ പ്രദേശില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നും സ്‌പെഷ്യല്‍ ട്രെയിനിനായി പണം ഈടാക്കിയ സര്‍ക്കാര്‍ നടപടിയും അഖിലേഷ് വിമര്‍ശിച്ചു.പാവപ്പെട്ടവര്‍ക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാന്‍ പണം നല്‍കേണ്ട അവസ്ഥയുണ്ടെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തിയും സഹതപിച്ചും പി.എം കെയറിലേക്ക് കോടികള്‍ സംഭരിച്ചതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് ഇനിയെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആലോചിക്കണം. ആരോഗ്യ സേതു ആപ്പിന് നൂറ് രൂപ വീതം ഈടാക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്', അഖിലേഷ് പറഞ്ഞു.