കാസർകോട് - കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശം അനുസരിച്ച് കോവിഡ് ഭീഷണി ഒഴിയുന്ന കാസർകോട് ജില്ലയിൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ജില്ലാ കലക്ടർ ഡി.സജിത്ബാബു പുതിയ ഉത്തരവിറക്കി. ജില്ലയിൽ ഹോട്ട്‌സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ കടകൾ തുറക്കാൻ ഉപാധികളോടെ ഇളവ് നൽകും.
എന്നാൽ കട തുറക്കുന്നതിന് രാവിലെ ഏഴു മണിക്കു മുൻപ് യാത്ര ചെയ്യാൻ അനുവാദം നൽകില്ല. മെയ് നാല് മുതൽ അലുമിനിയം ഫാബ്രിക്കേഷൻ, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവർത്തിക്കും.ഇവിടങ്ങളിൽ അണു നശീകരണം നടത്തുന്നതിനും സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ്തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ കർശനമായും ഉപയോഗിക്കണം. ഫോട്ടോ സ്റ്റുഡിയോകൾ, പ്രിന്റിംഗ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന്വൃത്തിയാക്കാം. എന്നാൽ പ്രവർത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്‌സി സർവീസ്അനുവദിക്കും.ടാക്‌സി കാറിൽ എ.സി ഉപയോഗിക്കരുതെന്നും ടാക്‌സിയിൽ കയറുന്നതിനു മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച്കൈകൾ വൃത്തിയാക്കണമെന്നും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.എന്നാൽ ഓട്ടോറിക്ഷകൾ സർവീസുകൾ നടത്തുന്നതിന് അനുവദിക്കില്ല. അവശ്യ സർവീസുകളിൽ ഉൾപ്പെട്ട സർക്കാർ ഓഫീസുകൾ (റവന്യൂ, പോലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയർ ആന്റ് റെസ്‌ക്യൂ,തദ്ദേശ സ്ഥാപനങ്ങൾ, ലേബർ,ആർ.ടി.ഒ, ഭക്ഷ്യ സുരക്ഷാ വകുപ്പ്,പി.ഡബ്ല്യു.ഡി, ഇറിഗേഷൻ,എൽ.എസ്.ജി.ഡി എൻജിനീയറിംഗ്,കെ.എസ്.ഇ.ബി,വാട്ടർ അതോറിറ്റി,കുടുംബശ്രീ, സിവിൽ സപ്ലൈസ്) ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെആവശ്യത്തിനുള്ള സർവീസുകൾ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി നടത്തും.






