കോഴിക്കോട് - ലോക്ഡൗൺ മൂലം നട്ടംതിരിയുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് വൈദ്യുതി ചാർജ് അടയ്ക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വൈദ്യുതി ഉപഭോഗം കൃത്യമായി കണക്കാക്കാനാവാത്തതു മൂലം വലിയ തുകയാണ് ഇത്തവണ ഉപഭോക്താക്കൾക്ക് വൈദ്യതി ബിൽ വന്നിട്ടുള്ളത്.
ലോക്ഡൗൺ വീണ്ടും മെയ് 17 വരെ നീട്ടിയെങ്കിലും വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം ഇതുവരെ ദീർഘിപ്പിച്ചിട്ടില്ല. ഒരു തൊഴിലും ചെയ്യാനാവാതെ വീട്ടിൽ കഴിയുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിത്യവൃത്തി തന്നെ ദുരിതത്തിലാണ്. ഈ അവസരത്തിൽ വൈദ്യുതി ബിൽ തുക അടക്കാൻ യാതൊരു നിർവാഹവുമില്ല. ശമ്പളമുള്ളവർക്കും സാമ്പത്തിക സ്ഥിതി ഉള്ളവർക്കും ഒഴികെ മറ്റാർക്കും വൈദ്യുതി ബിൽ അടയ്ക്കാനുള്ള ശേഷിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി ബിൽ സാധാരണക്കാർക്ക് ഇളവു ചെയ്യുകയോ ബിൽ അടക്കുന്നതിന് സാവകാശം നൽകുകയോ ചെയ്യണമെന്ന് അബ്ദുൽ ഹമീദ് നിവേദനത്തിൽ ആവശ്യപ്പെട്ടു.