പ്രവാസികളുടെ  വിമാന യാത്രാച്ചെലവ്  സർക്കാർ വഹിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- ഇന്ത്യയിലേക്കു തിരികെ വരാൻ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും പ്രവാസികളുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. 
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി പ്രയാസപ്പെടുന്നവരും രോഗികളും ഗർഭിണികളുമടക്കമുള്ളവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും കൃത്യമായ ഒരു തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നില്ല എന്നത് ആശങ്ക ഉളവാക്കുന്നു. ഈ അനിശ്ചിതത്വം വേഗം പരിഹരിക്കണം.

തിരിച്ചുവരവിന് തയാറായവരിൽ ഭൂരിഭാഗത്തിനും ടിക്കറ്റ് ചാർജ് സ്വയം വഹിക്കാൻ കഴിയുന്നവരല്ല. അതിനാൽ സർക്കാർ ചെലവിൽ പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരാൻ സർക്കാർ തയാറാകണം.

കോവിഡ് ടെസ്റ്റ് റിസൾട്ട് നിബന്ധനയാക്കിയ സാഹചര്യത്തിൽ എംബസികൾ മുൻകൈ എടുത്ത് ടെസ്റ്റിന് സൗകര്യം ഒരുക്കണം. തിരിച്ചെത്തുന്ന പ്രവാസികളെയും നോർക്ക വഴിയുള്ള ധനസഹായ വിതരണത്തിന്റെ പരിധിയിൽപ്പെടുത്തണം. തിരിച്ചു വരുന്ന പ്രവാസികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ, സാമൂഹിക, മതസംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് എക്‌സ്‌ക്യൂട്ടീവ് ആവശ്യപ്പെട്ടു. 
പ്രവാസികൾക്ക് ഏറെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇത് ഉപകരിക്കും. പ്രവാസികൾക്ക് ആവശ്യമായ വളണ്ടിയർ സേവനം എല്ലാ തലങ്ങളിലും ഉറപ്പാക്കാൻ വെൽഫെയർ പാർട്ടിയുടെയും പ്രവാസി വെൽഫെയർ ഫോറത്തിന്റെയും പ്രവർത്തകർക്ക് സംസ്ഥാന എക്‌സിക്യൂട്ടീവ് നിർദേശം നൽകി. 

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.

Latest News