മലപ്പുറം- ജില്ലയിൽ കോവിഡ് സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ 2084 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി. ഇനി 54 പേരുടെ പരിശോധനാ ഫലമാണ് കിട്ടാനുള്ളത്. അതേസയമം, രേഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ 67 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1591 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 28 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 24, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന്, തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1508 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 55 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. കോവിഡ്-19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ രണ്ട് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 22 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 19 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.






