റിയാദ്- വയോജനങ്ങളോട് സഹവസിക്കുമ്പോൾ കോവിഡ് വ്യാപന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകുമെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ വ്യക്തമാക്കി. അവരെ സന്ദർശിക്കാൻ പോകുമ്പോൾ കൃത്യമായ അകലം പാലിക്കണം. കൈ കൊടുക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യരുത്. കൈകൾ സോപ്പുപയോഗിച്ച് കഴുകണം. ഭക്ഷണത്തിലും മറ്റും അവരുമായി ഷെയർ ചെയ്യരുത്. അവരുടെ റൂം വൃത്തിയുള്ളതും എയർ കണ്ടീഷനുളളതുമായിരിക്കണം.
അവർ രോഗികളാണെങ്കിൽ ആരോഗ്യദായക ഭക്ഷണമാണ് നൽകേണ്ടത്. മതിയായ ഉറക്കം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുടുംബ കൂട്ടായ്മകളും മറ്റും സംഘടിപ്പിക്കുകയുമരുത്. അവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടമായാൽ 937 ൽ വിളിച്ചറിയിക്കണം. അത്യാവശ്യത്തിന് അവർക്ക് പുറത്തിറങ്ങേണ്ടിവരുമ്പോൾ വായു സഞ്ചാരമുള്ള സ്ഥലത്താണ് അവരെ നിർത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.






