ന്യുദല്‍ഹി- പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിവിധ കേസുകളിലെ എന്‍ ഐ എ അന്വേഷണ റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിലാണ് സംഘടനയെ വിലയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കമാരംഭിച്ചത്. പോപുലര്‍ ഫ്രണ്ട് ഭീകരക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകല്‍ നിര്‍മ്മിക്കുന്നുണ്ടെന്നും എന്‍ഐഎ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അധ്യാപകന്റെ കൈവെട്ടിയ കേസ്, കണ്ണൂരിലെ ആയുധ പരിശീലന ക്യാമ്പ, ബോംബ് നിര്‍മ്മാണം, ബാംഗ്ലൂരിലെ ആര്‍ എസ് എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം തുടങ്ങിയവയാണ് എന്‍ഐഎ പോപുലര്‍ ഫ്രണ്ടിനെതിരെ ഉന്നയിച്ച പ്രധാന ഭീകരബന്ധ ആരോപണങ്ങള്‍. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) പ്രകാരം സംഘടനയെ നിരോധിക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ പോപുലര്‍ ഫ്രണ്ട് തള്ളി. ഇതു സംബന്ധിച്ച അന്വേഷണത്തിനായി എന്‍ഐഎ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം പി കോയ പറഞ്ഞു. ദേശവിരുദ്ധമായി സംഘടന ഒന്നും ചെയ്യുന്നില്ല. 25 വര്‍ഷത്ത പ്രവര്‍ത്തനത്തിനിടെ 10 കേസുകള്‍ മാത്രമാണ് കേരളം, തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിന്റേ പേരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 23 സംസ്ഥാനങ്ങളില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആര്‍ എസ് എസ്- സിപിഎം സംഘര്‍ഷങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെ ദേശവിരുദ്ധരെന്ന് വിളിച്ചിട്ടില്ലെന്നും കോയ ചൂണ്ടിക്കാട്ടി.