ന്യൂദൽഹി- ലോക്ഡൗൺ ഉയർത്താനും സാധാരണ ജീവിതത്തിലേക്ക് ദൽഹിയെ മടക്കികൊണ്ടുവരാനും സമയമായെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊറോണ വൈറസുമായി ജീവിക്കാൻ ദൽഹി തയ്യാറാണെന്നും കെജ്രിവാൾ വ്യക്തമാക്കി. കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളെല്ലാം അടച്ചിടാനും ബാക്കിയുള്ള പ്രദേശങ്ങളിൽ സാധാരണ ജീവിതം സാധ്യമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കെജ്രിവാൾ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. നിയന്ത്രണം പാലിച്ച് ഷോപ്പുകൾ തുറക്കാൻ അനുവദിക്കണം. ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ രോഗികളുടെ എണ്ണം കൂടും. എങ്കിലും അതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാൻ ഒരുക്കമാണ്. സ്വകാര്യ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാമെന്നും കെജ്രിവാൾ പറഞ്ഞു.