മുംബൈ- കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലെത്തിച്ച് അവയവക്കച്ചവടം നടത്തിയിരുന്ന രണ്ടു പേരെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. സുരേഷ് പ്രജാപതി, നിസാമുദ്ദീന്‍ എന്നിവരെയാണ് അനധികൃത മനുഷ്യക്കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സുരേഷ് പ്രജാപതിയാണ് ഈ ഇടപാടുകളുടെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പണം ആവശ്യമുള്ള പാവപ്പെട്ടവരെ വലയിലാക്കി ഈജിപ്തിലെത്തിച്ച് ഇവരുടെ അവയവം കച്ചവടം ചെയ്യുകയാണ് ഇവരുടെ പ്രവര്‍ത്തന രീതി. ഇന്ത്യയിലെ കടുത്ത നിയമ നിയന്ത്രണങ്ങള്‍ മറികടനക്കാനാണ് ഇവര്‍ ഈജിപ്തിനെ തെരഞ്ഞെടുത്തതെന്നും പോലീസ് പറഞ്ഞു.
ഒരാളുടെ പക്കല്‍ മൂന്ന് പാസ്‌പോര്‍ട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിമാനത്താവളത്തില്‍ വച്ച് പ്രജാപതിയേയും നിസാമുദ്ദീനേയും പിടികൂടി ചോദ്യം ചെയ്തത്. കിഡ്‌നി എടുക്കാന്‍ കൊണ്ടു പോകുകയായിരുന്ന ഒരാളുടെ പാസ്‌പോര്‍ട്ട് ഇവരില്‍ നിന്നും പോലീസിനു ലഭിച്ചു. മേയിലും ജൂലൈയിലുമായി ആറു പേരെ ഇങ്ങനെ ഈജിപ്തിലേക്ക് കൊണ്ടു പോകുകയും ഇവരില്‍ നാലു പേരുടെ വൃക്ക മാറ്റിവയ്ക്കല്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സംഭവം പുറത്തായതോടെ കൈറോയിലെ ആശുപത്രി അധികൃതരെ ബന്ധപ്പെട്ട് മറ്റു രണ്ടു പേരുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേരളം, ഡല്‍ഹി, ജമ്മു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ടൂറിസ്റ്റ് വിസയില്‍ കൈറോയിലെത്തിച്ച് സംഘം വൃക്ക കൈമാറ്റ ഇടപാടുകള്‍ നടത്തുന്നതെന്ന് കണ്ടെത്തി. ഇന്ത്യയില്‍ പലയിടത്തായി കൂടുതല്‍ ഏജന്റുമാര്‍ ഈ ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
വൃക്ക തട്ടിപ്പുകാരനെന്ന് പോലീസ് വിശേഷിപ്പിക്കുന്ന പ്രജാപതിയെ കഴിഞ്ഞ വര്‍ഷം തെലങ്കാന പോലീസും ഇതേകുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. വൃക്കമാറ്റിവയ്ക്കലിനായി 60 പേരെ ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഈ കേസില്‍ ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു.
ഇന്ത്യയില്‍ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ രണ്ടു പാര്‍ട്ടികളേയും ഈജിപ്തിലെത്തിച്ച് അവിടെ വച്ച് വൃക്ക മാറ്റിവയ്ക്കല്‍ നടത്തുകയാണ് പതിവ്. വൃക്ക ആവശ്യമുള്ളവരില്‍ നിന്നും 30 ലക്ഷം രൂപ വരെ വാങ്ങിയാണ് ഇടപാട്. എന്നാല്‍ വൃക്ക നല്‍കാനായി തെരഞ്ഞെടുക്കുന്ന പാവപ്പെട്ടവര്‍ക്ക് ഇവര്‍ നല്‍കിയിരുന്നത് വെറും അഞ്ച് ലക്ഷം രൂപ മാത്രവും. നേരത്തെ കിഡ്‌നി നല്‍കിയവരെ കമ്മീഷന്‍ വാഗ്ദാനം നല്‍കി പ്രജാപതി തന്റെ ഇടപാടുകളുടെ ഏജന്റുമാരാക്കിയിരുന്നതായും പോലീസ് പറയുന്നു. കേസന്വേഷണത്തിന് തെലങ്കാന പോലീസും മുംബൈ പോലീസിനെ സഹായിക്കുന്നുണ്ട്.