തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതായുള്ള പ്രതിപക്ഷ ആക്ഷേപം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹെലിക്കോപ്റ്റര്‍ വാടകക്ക് എടുത്തത് സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്ത പ്രതികരണത്തിനുമാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് ഹെലിക്കോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ സുരക്ഷക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊക്കെ ആവശ്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപദേഷ്ടാക്കളുടെ പേരിലുളള ആരോപണത്തേയും മുഖ്യമന്ത്രി പരിഹസിച്ചു തളളി. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാംകൂടി നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഈ ആരോപണങ്ങളുടേയൊക്കെ പൊളളത്തരം ആര്‍ക്കും മനസിലാകുന്നതാണ്. വാഹനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച വിവാദത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എത്രയോ വാഹനങ്ങള്‍ കാലഹരണപ്പെട്ടിട്ടും അപൂര്‍വമായി മാത്രമാണ് പുതിയത് സര്‍ക്കാര്‍ വാങ്ങുന്നത്. ബാലിശമായ ആരോപണമായതുകൊണ്ടാണ് താന്‍ ഇതു വരെ ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് വരുമ്പോള്‍ അതിനെ ശരിയായ രീതിയില്‍ പ്രതിരോധിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരും. ഈ രീതി എല്ലാക്കാലത്തുമുണ്ട്. ഏത് സര്‍ക്കാരായാലും ഇത് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.






