വിശന്നു വലഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ കല്ലുകള്‍ തിളപ്പിക്കുകയാണ് പെനിന

നെയ്‌റോബി-സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയതോടെ പലരുടെയും വരുമാന മാര്‍ഗം നിലച്ചിരിക്കുകയാണ്. ദിവസവേതനത്തെ ആശ്രയിച്ചു ജീവിച്ചിരുന്നവരെയാണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്. അവര്‍ക്ക് മറ്റൊരു വഴിയില്ല എന്നത് തന്നെ കാരണം. 
പെനിന ബഹതി കിറ്റ്‌സാവോയും കുടുംബവും അങ്ങനെ വരുമാന മാര്‍ഗം നിലച്ചവരാണ്. കെനിയയിലെ മൊംബാസ സ്വദേശിയാണ് പെനിന. ലോക്ക് ഡൌണിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെ മുഴുപട്ടിണിയിലാണ് പെനിനയും എട്ടു മക്കളും. പാചകം ചെയ്യുകയാണെന്ന് വിശന്നുവലഞ്ഞിരിക്കുന്ന തന്റെ  മക്കളെ വിശ്വസിപ്പിക്കാനായി കല്ലുകള്‍ തിളപ്പിക്കുകയാണ് പെനിന ചെയ്യുന്നത്.  തുണി കഴുകി വരുമാന മാര്‍ഗം കണ്ടെത്തിയിരുന്ന പെനിന ഒരു വിധവയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.  പെനിനയുടെ അയല്‍വാസിയായ പ്രിസ്‌ക മോമനിയാണ് പെനിനയുടെ ഈ അവസ്ഥ മീഡിയയ്ക്ക് മുന്നിലെത്തിച്ചത്. വെള്ളവും വൈദ്യുതിയുമില്ലാത്ത രണ്ട് മുറി വീട്ടിലാണ് പെനിനയുടെയും എട്ടു മക്കളുടെയും താമസം. കല്ല് പാചകം ചെയ്ത് അധിക നാല്‍ കുട്ടികളെ പറ്റിക്കാനാകില്ല എന്നാണ് പെനിന പറയുന്നത്. താന്‍ കള്ളം പറയുകയാണെന്ന് കുട്ടികള്‍ക്ക് അറിയാമെന്നും കുട്ടികള്‍ കരയുന്നത് കേട്ടാണ് അയല്‍ക്കാര്‍ കാര്യമന്വേഷിചാതെന്നും പെനിന പറഞ്ഞു. പെനിനയുടെ ദുരവസ്ഥ വാര്‍ത്തയായതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. മോമനിയാണ് പെനിനയ്ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് എടുത്ത് കൊടുത്തത്.
 

Latest News