കൊറോണ: റിയാദിൽ ഹെർഫി  യൂനിറ്റ് അടച്ചു

റിയാദ് - പ്രശസ്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ഹെർഫിക്കു കീഴിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന യൂനിറ്റ് അടച്ചതായി കമ്പനി അറിയിച്ചു. കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തുകയും രോഗം ബാധിച്ചതായി സംശയിക്കുകയും ചെയ്യുന്ന ചില കേസുകൾ അൽമുറൂജ് ഡിസ്ട്രിക്ടിലെ യൂനിറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിൽ കണ്ടെത്തിയതിനെ തുടർന്ന് അണുവിമുക്തമാക്കുന്നതിനാണ് മുൻകരുതലെന്നോണം സ്ഥാപനം ഉടനടി പൂർണമായും അടച്ചതെന്ന് ഹെർഫി കമ്പനി പറഞ്ഞു. 
യൂനിറ്റിലെ ജീവനക്കാരെ മുഴുവൻ മുൻകരുതലെന്നോണം ഐസൊലേഷനിലാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും സംഭവത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിർദേശിക്കുന്ന മുഴുവൻ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷം സ്ഥാപനം വൈകാതെ തുറക്കും. അൽമുറൂജ് ഡിസ്ട്രിക്ട് യൂനിറ്റിലെ ജീവനക്കാരുടെ താമസ സ്ഥലം കമ്പനിക്കു കീഴിലെ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ സ്ഥലങ്ങളിൽ തീർത്തും വേറിട്ടതാണ്. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്ക് കമ്പനി അതീവ ശ്രദ്ധ നൽകുന്നു. മുഴുവൻ മുൻകരുതലുകളും പ്രതിരോധ നടപടികളും കമ്പനി നടപ്പാക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഹെർഫി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

Latest News