റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് നടപ്പാക്കിയ മുൻകരുതൽ, പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കിംവദന്തി പ്രചചിപ്പിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലാണ് നാൽപതുകാരൻ കിംവദന്തി പ്രചരിപ്പിച്ചത്. മസ്ജിദുകളിൽ സംഘടിത നമസ്‌കാരം പുനരാരംഭിക്കുന്നതിന്റെ സമയം നിശ്ചയിച്ചെന്നും കർഫ്യൂ സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചെന്നുമാണ് യുവാവ് വാദിച്ചത്.
ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവാവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിയാദ് പോലീസ് വക്താവ് പറഞ്ഞു. അതേസമയം, നിലവിലെ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കിംവദന്തികൾക്കു പിന്നാലെ പോകരുതെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ തേടണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.