കൊല്ലം-ലോക് ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങി. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയും സി.പി.എം നേതാവുമായ പട്ടം ലക്ഷ്മി നഗറിൽ അഡ്വ. ജി.മുരളീധരനെയാണ് ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം വീടിനുള്ളിൽ ഗൃഹ നിരീക്ഷണത്തിലാക്കിയത്. ലോക് ഡൌൺ ചട്ടങ്ങൾ ലംഘിച്ചതിന് ചാത്തന്നൂർ പോലിസ് കേസെടുക്കുകയും അഭിഭാഷകന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് പോലീസും ആരോഗ്യവകുപ്പ് അധികൃതരും പറയുന്നത് ഇങ്ങനെയാണ്. ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലെ കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനത്തിനാണ് അഭിഭാഷകൻ എത്തിയത്.
ലോക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്ന അഭിഭാഷകൻ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പോലിസിനെ അറിയിക്കുകയുമായിരുന്നു.
കടുത്ത നിയന്ത്രണമുള്ള പ്രദേശമായ ചാത്തന്നൂരിൽ കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ഇതുസംബന്ധിച്ച് ജില്ലാ കലക്ടർക്ക് വിവരം നൽകിയിരുന്നു. കലക്ടർ ഈ വിവരം ചാത്തന്നൂർ പോലിസിന് കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തു നിന്നും കാറോടിച്ച് ഇയാൾ കുമ്മല്ലൂർ പാലം കടന്ന് ചാത്തന്നൂർ ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്. അഭിഭാഷകൻ എത്തിയത് പോലീസിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചാത്തന്നൂർ
പോലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ ഇയാൾ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ആറു മാസമാസം മുൻപ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകൻ ഇയാളുടെ ഉടമസ്ഥതയിൽ കഴക്കൂട്ടത്തുള്ള ഫഌറ്റിൽ വച്ചാണ് യുവതിയുമായി സ്ഥിരമായി കണ്ടുമുട്ടിയിരുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാൻ കഴിയാതിരുന്നതോടെ ഇവർ പരസ്പരം കണ്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് വച്ച് കാൻസർ ബാധിച്ച് മരിക്കുകയും ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടർന്ന് അവിടുത്തെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിർദ്ദേശപ്രകാരം അഭിഭാഷകൻ ചാത്തന്നൂർ കട്ടച്ചലിലെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. സാധാരണ ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി ഊറാീ ജംഗഷൻ വഴി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷൻ വഴി കുമ്മല്ലൂർ പാലം വഴിയാണ്
കട്ടച്ചലിൽ എത്തിയിരുന്നത്.
തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ജില്ലാ കലക്ടർക്ക് മുൻപ് തന്നെ പരാതി നൽകിയിരുന്നു. വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്‌പെയർ പാർട്ട്‌സ് നന്നാക്കി നൽകാനാണ് താൻ എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ഇയാൾ പറയുന്നു. അതിർത്തികടന്നു വന്നതിനാൽ ഇനി പതിനാല് ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് പോലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കും കുടുങ്ങുകയായിരുന്നു.
വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടുകുട്ടികളുമുണ്ട്. അഭിഭാഷകൻരഹസ്യമായി കടന്നുകളയാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ കാവൽ നിൽക്കുന്ന കാരണം നടന്നില്ല ഇതിനിടയിൽ പോലിസ് എത്തി കാർ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽ പരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽ എത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത്അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈ വീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി.
എന്നാൽ താൻ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണംപൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27 ന് എത്തി 28 ന് പുലർച്ചെ മടങ്ങിയ ഇയാൾ മുപ്പതിന് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു. പതിനാല് ദിവസം ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാൽ മതിയെന്ന് ആരോഗ്യ പ്രവർത്തകർ അഭിഭാഷകന് നിർദ്ദേശം നൽകി ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ചാത്തന്നൂർ പോലിസ് കേസെടുത്തു.






