സമ്പർക്ക പട്ടിക തയാറാക്കലും ശ്രമകരം
കാസർകോട്- ജില്ലയിൽ അവസാനം സ്ഥിരീകരിച്ച നാല് പേർക്ക് രോഗം പകർന്ന ഉറവിടം ഇനിയും അവ്യക്തം. ഒരു ദൃശ്യമാധ്യമ പ്രവർത്തകനടക്കം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച നാല് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ ഉദുമ സ്വദേശിക്ക് രോഗം പകർന്നത് ദുബായിൽ നിന്നാകാമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ദുബായിൽ നിന്നെത്തി 39 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണകാലയളവ് പൂർത്തിയാക്കിയ ശേഷം 100 ഓളം പേരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടതായി വിവരമുണ്ട്. തുടർന്ന് ഇയാളുടെ അടുത്ത എട്ടു ബന്ധുക്കളുടെയും 12 സുഹൃത്തുക്കളുടെയും സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇയാൾ കണ്ടുമുട്ടിയ ഒരു ഡോക്ടറുടെ സാമ്പിളും അധികൃതർ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിക്കും രോഗം പകർന്ന ഉറവിടം അവ്യക്തമായി തുടരുന്നു. രണ്ട് ദിവസമായി നൂറിലധികം പേരുടെ സാമ്പിളെടുത്തുകളിഞ്ഞു.
അതേസമയം, പരിശോധനാ ഫലം വൈകുന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു. യുവാവുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ട എട്ടുപേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന യുവാവിന് ഒട്ടേറെ പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് വിവരം. തീരദേശ മേഖലയിലടക്കം യുവാവ് എത്തിയിട്ടുണ്ട്. അമ്പലത്തറ പറക്കളായി ആയുർവേദ കോളേജിന് സമീപത്തെ കോളനിയിൽ ഇയാൾ സ്ഥിരമായി എത്തിയിരുന്നുവെന്ന് പറയുന്നു. കോളനി കേന്ദ്രീകരിച്ചു വ്യാജ വാറ്റ് നടത്തുന്ന സംഘവുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു.
അതേസമയം ചെമ്മനാട് പഞ്ചായത്തിലെ 29 വയസ്സുകാരന് രോഗം എവിടെനിന്നു പകർന്നുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ ആളുകളുടെ സമ്പർക്ക പട്ടിക തയാറാക്കൽ ശ്രമകരം ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ചെങ്കള പഞ്ചായത്തിലെ ഒരിടത്ത് ജോലി ചെയ്യുന്ന ചെമ്മനാട് യുവാവ് രോഗം പടരുന്നതിനിടെ മംഗളൂരുവിലും കാസർകോട് ജനറൽ ആശുപത്രിയിൽ ബന്ധുക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട് എത്തിയിരുന്നതായി ആരോഗ്യ വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മാധ്യമ പ്രവർത്തകന് കോവിഡ് പകർന്ന ഉറവിടവും ഇനിയും കണ്ടെത്തിയിട്ടില്ല. സമ്പർക്കമുണ്ടായിരുന്ന കലക്ടറുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. സമ്പർക്കമുണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് രണ്ട് ഐ.ജിമാരും സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. മാധ്യമ പ്രവർത്തകരും നിരീക്ഷണത്തിലാണ്.






