Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിൽ ലഭിച്ചത് 24,000 പരാതികൾ

തിരുവനന്തപുരം- പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂം ഒരു മാസവും 10 ദിവസവും പിന്നിടുമ്പോൾ 24,000 ത്തോളം പരാതികളാണ് എത്തിയത്. കേരളത്തിൽനിന്നും  മറ്റു സംസ്ഥാനങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പരാതികളാണിവയിൽ ഏറെയും.
ഇവയിൽ പലതും സർക്കാർ നിർവഹിക്കേണ്ട നടപടികളായിരുന്നു. അവ ചൂണ്ടിക്കാട്ടി 25 ഓളം കത്തുകളാണ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയത്. പ്രധാനമന്ത്രിക്ക് ഏഴും വിദേശകാര്യ മന്ത്രിക്ക് 11 കത്തുകളും നൽകി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യങ്ങളിൽ പലതിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കി എന്നത് ശ്രദ്ധേയമാണ്. എന്നാൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് 20,000 കോടി രൂപയുടെ പാക്കേജിനെ സംബന്ധിച്ച് ലഭിച്ച പരാതികൾ സർക്കാറിന് നൽകിയെങ്കിലും ഇപ്പോഴും പല കാര്യങ്ങളിലും നടപടി ഉണ്ടായില്ല. കുടുംബശ്രീക്ക് 20,000 രൂപ വായ്പ നൽകുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. 


അതുപോലെ സാമൂഹ്യ പെൻഷൻ നൽകുന്ന കാര്യത്തിലും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിന്റെ കാര്യത്തിലും ഇപ്പോഴും നിരവധി പരാതികളാണ് ലഭിക്കുന്നത്. ജനങ്ങളുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന പഞ്ചായത്തുകൾക്ക് കമ്യൂണിറ്റി കിച്ചൻ നടത്തിപ്പിന് പ്രത്യേക തുക അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
കൺട്രോൾ റൂമിൽ ഇപ്പോഴും സംസ്ഥാനത്ത് അകത്തും പുറത്തും  വിദേശത്തും  പരാതികൾ വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും അകപ്പെട്ടു പോയ രോഗികൾ ഗർഭിണികൾ, മറ്റു ഗുരുതരമായ രോഗം ബാധിച്ചവർ എന്നിവരെ നാട്ടിലെത്തിക്കണമെന്ന പരാതിയാണ് ഇപ്പോൾ ഏറെയും വരുന്നത്. ഇതിൽ ഗൾഫിൽ ലേബർ ക്യാമ്പുകളിൽ പെട്ടവർക്ക് മരുന്നും ഭക്ഷണവും എത്തിക്കണമെന്ന നിരവധി കോളുകളാണ് കൺട്രോൾ റൂമിലെത്തിയത്. ഇക്കാര്യത്തിൽ ഗൾഫ് മേഖലയിൽ  ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയായ ഒ.ഐ.സി.സി, കെ.എം.സി.സി, ഇൻകാസ് തുടങ്ങിയവയുടെ പ്രതിനിധികളുമായി സംസാരിച്ച് പരിഹരിക്കാൻ കഴിഞ്ഞത് എടുത്തു പറയേണ്ടതാണ്. 


കോവിഡ് പോസിറ്റീവ് കേസുകൾക്ക് ചികിത്സ ലഭിച്ചില്ല എന്ന പരാതിയിലും എംബസികളുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ സാധിച്ചു. തുടർന്ന് ഗൾഫിലെ പ്രവാസി സംഘടനകളുമായി പ്രതിപക്ഷ നേതാവ് വീഡിയോ കൺഫറൻസ് വഴി ആശയ വിനിമയം നടത്തി ഈ പ്രവർത്തനങ്ങൾ നടത്തിയവരെ അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിലെയും ബ്രിട്ടനിലെയും യൂറോപ്പ് പ്രവാസി സമൂഹങ്ങളുമായും വീഡിയോ കോൺഫറൻസ് വഴി പ്രതിപക്ഷ നേതാവ് ചർച്ച നടത്തുകയുണ്ടായി. കൺട്രോൾ റൂം തുടങ്ങുമ്പോൾ ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയാണ് ആദ്യമെത്തിയത്. തുടർന്ന് മരുന്നുകളുടെ ദൗർലഭ്യത, മറ്റു സംസ്ഥാനങ്ങളിൽനിന്നും നാട്ടിലെത്താൻ കഴിയുന്നില്ല എന്നീ പരാതികളുടെ ഒഴുക്കായിരുന്നു. 
ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്ന് തീർന്നുപോയി എന്ന സങ്കടമാണ് കൺട്രോൾ റൂമിൽ അറിയിച്ചത്. ഇവർക്കെല്ലാം അവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട് മരുന്നെത്തിക്കാൻ കഴിഞ്ഞതായും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അവകാശപ്പെട്ടു. 
 

Latest News