Sorry, you need to enable JavaScript to visit this website.

മഹാമാരിയും ദാരിദ്ര്യവും

ചരിത്രത്തിന്റെ ഏത് താളുകൾ മറിച്ചു നോക്കിയാലും അവിടെയെല്ലാം ക്ഷാമം കൊണ്ടും പകർച്ചവ്യാധി കൊണ്ടും യുദ്ധങ്ങൾ കൊണ്ടും മനുഷ്യർ കൂട്ടമായി മരിച്ചിട്ടുണ്ട്. ഇത്തരം അവസ്ഥകൾ മനുഷ്യരാശിയുടെ ഏറ്റവു വലിയ ശത്രുവായി മാറിയ സംഭവങ്ങൾ അനവധിയാണ്. 1694 ൽ ഫ്രാൻസിൽ ഉണ്ടായ ഭക്ഷ്യക്ഷാമം അനവധി പേരുടെ ജീവനെടുത്തു. മോശം കാലാവസ്ഥയായിരുന്നതിനാൽ കൃഷികൾ നശിച്ചു. കിട്ടിയ ധാന്യങ്ങൾക്കാവട്ടെ തീവിലയും. ജനങ്ങൾ പട്ടിണി കിടന്നു. വൃദ്ധരും കുട്ടികളും വിശപ്പടക്കാൻ വയ്യാതെ മരിച്ചുകൊണ്ടിരുന്നു. 1692 നും 1694 നുമിടയിൽ  ഏകദേശം മൂന്നു ദശലക്ഷം മനുഷ്യർ അവിടെ മരിച്ചു. ലൂയി പതിനാലാമൻ രാജാവായിരുന്ന കാലത്തായിരുന്നു ഈ ദുരന്തം നടന്നത്. അതിനടുത്ത വർഷം 1695 ൽ എസ്‌ടൊണയിൽ ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗവും 1696 ൽ ഫിൻലാണ്ടിൽ കടുത്ത ദാരിദ്ര്യം കൊണ്ട് പകുതിയിലേറെ ജനങ്ങളും  മരിച്ചു.


തുടർന്ന് സ്‌കോട്ട്‌ലാൻഡ് യാർഡിലും ഇതേ അവസ്ഥ തന്നെയുണ്ടായി. പക്ഷേ ഇതൊക്കെ പഴയ നൂറ്റാണ്ടിലെ നാം വായിക്കാതെ പോയ ചരിത്രങ്ങൾ മാത്രമായി അവശേഷിക്കുമ്പോൾ ഈ നൂറ്റാണ്ടിൽ നമ്മുടെ നേർകാഴ്ചയിൽ വന്നുകൊണ്ടിരിക്കുന്നത് ആഫ്രിക്കയിലെ പട്ടിണി മരണങ്ങളാണ്. എല്ലും തൊലിയുമായ മനുഷ്യക്കുട്ടികളുടെ ശോഷിച്ച ശരീരം ഇന്ന് നമുക്ക് ടെലിവിഷനിൽ ഒരു ഫീച്ചർ ആയി കാണാൻ സാധിക്കുന്നു. യു.എൻ മുതലായ കാരുണ്യ സംഘടനകൾ വല്ലപ്പോഴും വലിച്ചെറിയുന്ന അപ്പക്കഷ്ണങ്ങൾ അവരുടെ അവകാശമായി, ഔദാര്യമായി മാറുന്നു. ലോകത്തിന്റെ പല ഭാഗത്തും പട്ടിണി മരണങ്ങൾ സർവത്രികമായിരുന്നു. 


 മനുഷ്യ രാശിയെ നശിപ്പിച്ച രണ്ടാമത്തെ മാരകായുധം പകർച്ചവ്യാധി ആയിരുന്നു. എ.ഡി 541 ൽ ആദ്യമായി ആരംഭിച്ച മഹാമാരികൾ പിന്നീട് പല നൂറ്റാണ്ടുകളിലും ആവർത്തിച്ചു. 1330 ൽ മധ്യേഷ്യയിലായിരുന്നു ബ്ലാക്ക് ഡെത്ത് പടർന്നു പിടിച്ചത്. അവ പിന്നീട് ലോകത്തിലെ പല രാജ്യങ്ങളിലും പടർന്നു. 75 ദശലക്ഷം മുതൽ 200 ദശലക്ഷം മനുഷ്യർ ഭൂലോകത്തുനിന്നും പാടെ തുടച്ചു മാറ്റപ്പെട്ടു. ഏകദേശം ഇരുപതു വർഷങ്ങൾ എടുത്തു ശാന്തമായ ഒരവസ്ഥയിലേക്ക്  ലോകം മാറിവരാൻ. അത്രയും ഭയാനക യാത്രയായിരുന്നു ബ്ലാക്ക് ഡെത്ത് വരുത്തിവെച്ചത്. യൂറോപ്പിലേക്ക് കടന്നതോടെ അവിടെ മൂന്നര ദശലക്ഷം പേരും ഫ്േളാറൻസിൽ മാത്രം ഒരു ലക്ഷം പേരും മരിച്ചുവീണു. കഴിഞ്ഞ നൂറ്റാണ്ടിലെ പ്ലേഗിനേക്കാൾ  മരണം ബ്ലാക്ക് ഡെത്തിലൂടെ യൂറോപ്പിന് നഷ്ടമായി. പകർച്ചവ്യാധിയുടെ ചരിത്രത്തിൽ ബ്ലാക്ക് ഡെത്തും പ്ലേഗും മാത്രമല്ല മരണങ്ങൾ വിതച്ചത്. 


മുൻകാലത്ത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കണ്ടുപിടിത്തക്കാരയി കടന്നു ചെന്ന മനുഷ്യ സമൂഹം മറ്റു പല പകർച്ചവ്യാധികളും ആ നാടുകൾക്ക് സംഭാവന ചെയ്തയിട്ടുണ്ട്. അവിടങ്ങളിലെ പകുതിയിലേറെ സ്വദേശികൾ അവരറിയതെ തന്നെ മരണപ്പെട്ടിട്ടുണ്ട്. 1520 മാർച്ച് 5 നു 'സ്പാനിഷ് ഫ്േളാറിട്ട' എന്ന കപ്പിത്താൻ മെക്‌സിക്കോ വഴി ക്യൂബയിലേക്ക് കടൽ മാർഗം പുറപ്പെട്ടു. കൂടെ ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുറെ അടിമകളും കുതിരകളും ഉണ്ടായിരുന്നു ആ കപ്പലിൽ. അക്കൂട്ടത്തിലെ ഒരടിമ ഫ്രാൻസിസ്‌കോക്കു 'സ്‌മോൾ പോക്‌സ്' വൈറസ് പിടിപെട്ടു.
 ക്യൂബയിൽ നങ്കൂരമിട്ട കപ്പലിൽനിന്നും പുറത്തിറങ്ങിയ ഫ്രാൻസിസ്‌കോയുടെ മുഖം കറുത്ത കുരുക്കൾ കൊണ്ട് മൂടപ്പെട്ടിരുന്നു. അതൊരു പകർച്ചവ്യാധി ആണെന്ന് മനസ്സിലാക്കുമ്പോഴേക്കും 'വസൂരി' പലരിലേക്കും പകർന്നു. അങ്ങനെ ഒരാളിൽ നിന്നുണ്ടായ വസൂരി മെക്‌സിക്കോയിൽ നിന്നും പുറംരാജ്യത്തേക്കും പടർന്നുപിടിച്ച് മറ്റൊരു മഹാമാരിയായി മാറിയത് അതിവേഗത്തിലാണ്. 
അക്കാലത്തെ ശാസ്ത്രം വളർച്ച പ്രാപിക്കാത്തതിനാൽ ജനങ്ങൾ അന്ധവിശ്വാസത്തിൽ  അഭയം പ്രാപിച്ചു. പക്ഷേ എല്ലാം നിഷ്ഫലമാക്കി മരണം തുരുതുരാ വന്നുകൊണ്ടിരുന്നു. അതിനു ശേഷം മെക്‌സിക്കോയിൽ മറ്റു പല പകർച്ചവ്യാധികളും വന്നു. 1520 ൽ സ്പാനിഷ് പ്ലേഗും തുടർന്ന് സ്പാനിഷ് ഫഌവും കടന്നു വന്നു.  22 ദശലക്ഷം മനുഷ്യർ തിങ്ങിപ്പർത്ത മെക്‌സിക്കോ 1580 ആയപ്പോഴേക്കും കേവലം 2 ദശലക്ഷമായി മാറിയത് പകർച്ചവ്യാധിയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നതിന്റെ ചെറിയ ഉദാഹരണം മാത്രമണ്. ലോകാരംഭം മുതൽ ഡീപോപ്പുലേഷൻ ലോകത്തിന്റെ നാനാകോണുകളിലും ഉണ്ടായിട്ടുണ്ട്. 


രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം 1778 ജനുവരി മാസത്തിൽ ക്യാപ്റ്റൻ ജെയിംസ് എന്ന ബ്രിട്ടീഷ് സഞ്ചാരിയും അനുയായികളും  ഹവായി ദ്വീപിൽ എത്തി. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഒരു മനോഹര ദ്വീപായിരുന്നു ഹവായി. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഏറെ അകലത്തിലുള്ള ഒരു സുഖവാസ സ്ഥലമായിട്ടായിരുന്നു ഹവായി അറിയപ്പെട്ടിരുന്നത്. പക്ഷേ ക്യാപ്റ്റൻ ജെയിംസും കൂട്ടരും അറിയാതെ കൊണ്ടുവന്ന ഫഌ മറ്റു പലരിലേക്കും പകർന്നു. തുടർന്ന് പനി മാറിയപ്പോൾ ക്ഷയവും സിഫിലിസ് മുതലായ രോഗങ്ങളും ഹവായിലെ നാട്ടുകാരിൽ കണ്ടുതുടങ്ങി. പിന്നീട് എത്തിയ യൂറോപ്പിലെ സഞ്ചാരികൾ ടൈഫോയിഡും വസൂരിയും അവിടെ എത്തിച്ചു. 


ഫലപ്രദമായ ഒരു മരുന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. 1853 ആവുമ്പോഴേക്കും കേവലം എഴുപതിനായിരം മനുഷ്യരാണ് ഹവായി ദ്വീപിൽ അവശേഷിച്ചത്. പകർച്ചവ്യാധികൾ യാത്ര തുടർന്നു. കണ്ടുപിടിത്തങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും കാലഘട്ടമായ ഇരുപതാം നൂറ്റാണ്ടിലും കോടിക്കണക്കിന് മനുഷ്യർ പകർച്ചവ്യാധി മൂലം മരണമടഞ്ഞു. 
1918 ൽ സ്പാനിഷ് ഫഌ കാരണം യൂറോപ്പിലെ സൈനികരും സാധാരണക്കാരും മരിച്ചു തുടങ്ങി. സ്പാനിഷ് ഫഌ യൂറോപ്പിൽനിന്നു അമേരിക്കയിലേക്കും ഇന്ത്യയിലേക്കും ഓസ്‌ട്രേലിയയിലേക്കും വ്യാപിച്ചു. 1918 ൽ ലോകമെമ്പാടും പടർന്നുപിടിച്ച ഈ മഹാമാരി അന്നപഹരിച്ചത് അഞ്ച് കോടിക്കും 10 കോടിക്കും ഇടയിൽ ജീവനുകളാണ്. അതിൽ രണ്ടു കോടി ജനങ്ങൾ മരിച്ചത് ഇന്ത്യയിലാണ്. 


ബോംബെ പനി എന്ന പേരിലാണ് ഇന്ത്യയിൽ ഈ രോഗം അറിയപ്പെട്ടത്. യൂറോപ്പിൽ നിന്നും ബോംബെയിൽ എത്തിയ ഒരു കപ്പലിലെ ജീവനക്കാരിൽ നിന്നും ആദ്യം പനി പിടിച്ചത് ബോംബെയിലെ പോലീസുകാർക്കാണ്. മലേറിയ അല്ലാത്ത ഏതോ പനി എന്നായിരുന്നു ആദ്യത്തെ പരിശോധനാ ഫലങ്ങൾ. 1918 മെയ് ആയപ്പോഴേക്കും ഡോക്കിലെ ജീവനക്കാർക്കും ഫഌ പിടിപെട്ടു. ചെറുപ്പക്കാർക്കും കുട്ടികൾക്കും അതിവേഗത്തിൽ പനി പിടിച്ചു. ഫലപ്രദമായ ചികിൽസ നൽകാൻ അന്നു സൗകര്യങ്ങൾ കുറവായിരുന്നു. 
അങ്ങനെ അതൊരു മഹാമാരിയുടെ രൂപം പ്രാപിച്ചു. രണ്ടു കോടി ജനങ്ങൾ ഇന്ത്യയുടെ  ഇത്തിരി വൃത്തത്തിൽ മരണമടഞ്ഞു.


ഏഷ്യയിലെ മറ്റു നാടുകളിലും മരണ നിരക്ക് ക്രമാതീതമായി വർധിച്ചു. ഒരു വർഷത്തിനുള്ളിൽ ഏകദേശം 100 ദശലക്ഷം മനുഷ്യർ മരിച്ചുവീണു. 1914 ലെ ആദ്യ ലോക മഹായുദ്ധത്തിൽ മരിച്ചവരുടെ എണ്ണം നാൽപതു ദശലക്ഷം മാത്രമായിരുന്നു എന്നതിൽ നിന്ന്  പകർച്ചവ്യാധിയുടെ ക്രൂരമായ ഇടപെടൽ  മനുഷ്യ കുലത്തെ എത്രമാത്രം ബാധിച്ചു എന്നു മനസ്സിലാവും. 

Latest News