കോവിഡാനന്തര കാലത്തെ അതിജീവിക്കണമെങ്കിൽ 

കോവിഡാനന്തര കാലത്ത് വൻ പ്രതിസന്ധികളാണ് ലോകത്തെ മറ്റു പല ഭാഗങ്ങളെയുമെന്ന പോലെ കേരളത്തെയും കാത്തിരിക്കുന്നത്. അതേസമയം കേരളത്തിന്റെ സാമൂഹ്യ - സാമ്പത്തികാവസ്ഥയുടെ പ്രത്യേകതകൾ മൂലം ഇവിടെയത് കൂടുതൽ രൂക്ഷമാകുമെന്നുറപ്പ്. അതിനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല, ഭക്ഷണത്തിനടക്കം ഏതെണ്ടെല്ലാ നിത്യാപയോഗ സാധനങ്ങൾക്കും പുറംലോകത്തെ ആശ്രയിക്കുന്നവരാണ് നാം. ഒപ്പം ദൈനംദിന തൊഴിലുകൾ ചെയ്യാനും ഇതര നാടുകളിൽ നിന്നുള്ളവർ വേണം. മറുവശത്ത് വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പല വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളായ കാർഷികോൽപന്നങ്ങളടക്കം പലതും ഇവിടെ നിന്ന് പുറത്തേക്കും പോകുന്നു. ആഗോളവൽക്കരണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോഴും അതിന്റെ ഒരുപാട് ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണ് നാം. എന്നാൽ ഇത്തരമൊരു സംവിധാനം തകരാനുള്ള സാധ്യതകളാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. മനുഷ്യർ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കുമൊക്കെ തിരിച്ചെത്തി ജോലി ചെയ്ത് ജീവിക്കേണ്ട ഒരു സംവിധാനത്തിലേക്ക് ലോകം നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. അത്തരമൊരു സാഹചര്യത്തെ നേരിടാൻ വലിയ തയാറെടുപ്പുകൾ അനിവാര്യമാണ്. 


ഭാഗ്യക്കുറി, ടൂറിസം, മദ്യം, സ്ഥലം - വാഹന രജിസ്‌ട്രേഷൻ, ഇന്ധന ടാക്‌സ്, വിൽപന - വിനോദ നികുതികൾ തുടങ്ങിയ വിരലിലെണ്ണാവുന്ന മേഖലകളിൽ നിന്നാണ് സർക്കാറിന്റെ പ്രധാന വരുമാനം. ഈ വരുമാനത്തിലാകട്ടെ വലിയൊരു ഭാഗം പോകുന്നത് വളരെ ന്യൂനപക്ഷമായ സർക്കാർ ജീവനക്കാരുടെ വേതനത്തിനും പെൻഷനും വേണ്ടി. ഇത്തരമൊരു സാഹചര്യത്തിലും കേരളത്തെ പിടിച്ചുനിർത്തിയ പ്രവാസ വരുമാനവും നിലക്കാൻ പോകുന്നു. നമ്മുടെ സാമൂഹ്യ - സാമ്പത്തിക സംവിധാനത്തെ അടിമുടി പൊളിച്ചെഴുതേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സർക്കാറിന്റെ വരുമാനം കൂട്ടുക, അവശ്യ മേഖലകളിൽ പൊതുനിയന്ത്രണം കൊണ്ടുവരിക, മറ്റു മേഖലകൾ നിയന്ത്രണങ്ങളോടെയാണെങ്കിലും സ്വകാര്യ മേഖലയിലെ മത്സരങ്ങൾക്ക് അനുമതി നൽകുക, ജനങ്ങളുടെ വരുമാനത്തിൽ നിലവിലെ ഭീമമായ അന്തരം അവസാനിപ്പിക്കുക തുടങ്ങിയവയൊക്കെ ഈ പൊളിച്ചെഴുത്തിന്റെ ലക്ഷ്യമാകണം. 
ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, മാലിന്യ സംസ്‌കരണം, ഗതാഗതം തുടങ്ങിയവയൊക്കെയാണ് അവശ്യ മേഖലകളായി കണക്കാക്കാവുന്നത്. നിർഭാഗ്യവശാൽ ഇത്തരം മേഖലകളിൽ സ്വകാര്യ മേഖലയുടെ ആധിപത്യമാണ് കേരളത്തിൽ കാണുന്നത്. 


അനാവശ്യമായ മറ്റു പല മേഖലകളിലാണ് സർക്കാർ പണം ചെലവഴിക്കുന്നത്. ആരോഗ്യ മേഖലയിലെ സ്വകാര്യവൽക്കരണവും ചൂഷണവും എത്രമാത്രം ഭീകരമാണെന്ന് കൂടുതൽ കൂടുതൽ വ്യക്തമാണല്ലോ. ആരോഗ്യ വിദ്യാഭ്യാസം മുതൽ ഐ.സി.യു വരെ അതു നീളുന്നു. എന്നാൽ ഏറ്റവും നിർണായകമായ ഈയവസരത്തിൽ കേരളം കാണുന്നതെന്താണ്? സാമാന്യം മികച്ച രീതിയിൽ കോവിഡിനെ കേരളം പ്രതിരോധിക്കുന്നത് പൊതുമേഖലയുടെ ശക്തിയിലാണല്ലോ. ഈ സാഹചര്യമാണ് ഇനിയുള്ള കാലം മുന്നോട്ടു കൊണ്ടുപോകേണ്ടത്. ആരോഗ്യവും ചികിത്സയും ഏതൊരു പൗരന്റെയും അവകാശമാകണം. അത് പൊതുമേഖലയിലായാലേ സാധിക്കൂ. തീർച്ചയായും പൊതുമേഖലയിലെ അഴിമതികളും  ഉത്തരവാദിത്തമില്ലായ്മയും കാണാതിരിക്കുന്നില്ല. പക്ഷേ അവിടെ നിന്നേ നമുക്കാരംഭിക്കാൻ കഴിയൂ. പ്രതേകിച്ച് ജീവിതചര്യാ രോഗങ്ങളും പലവിധ പനികളും മലയാളികൾക്ക് വൻ ഭീഷണിയായി മാറിയിരിക്കുന്ന ഇക്കാലത്ത്.


വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ ഏറെ ചർച്ച ചെയ്തതായതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല. അപ്പോഴും പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ചൂണ്ടിക്കാട്ടിയുള്ള അഹങ്കാരം മാറ്റി, വളരെ പിന്നോക്കമായ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ശ്രദ്ധിക്കണം. ഇപ്പോൾ നടക്കുന്ന പോലെ പുറത്തു പോയി ഉന്നത വിദ്യാഭ്യാസം നേടൽ ഇനിയുള്ള കാലം എളുപ്പമല്ല. കേരളം നേരിടുന്ന ഒരു വലിയ വിഷയമായി കുടിവെള്ളം മാറിയ സാഹചര്യത്തിലാണ് അവിടെയും സർക്കാറിന്റെ പരിപൂർണ നിയന്ത്രണം അനിവാര്യം എന്നു പറയുന്നത്. ചികിത്സയിൽ പല നേട്ടങ്ങളുമുണ്ടെങ്കിലും രോഗം വരാതിരിക്കുന്നതിൽ നമ്മൾ വളരെ പിന്നിലാവാൻ പ്രധാന കാരണം മാലിന്യങ്ങളാണ്. അതു തിരിച്ചറിഞ്ഞ് മാലിന്യ സംസ്‌കരണത്തിലും സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം. അതുപോലെ തന്നെയാണ് ഗതാഗത വിഷയവും. സാമൂഹ്യ അകലം പാലിക്കൽ നീണ്ടുപോകുന്തോറും പൊതുവാഹനങ്ങൾ വൻ പ്രതിസന്ധിയെയാണ് നേരിടാൻ പോകുന്നത്. തീവണ്ടി ഗതാഗതത്തെയും ബസ് ഗതാഗതത്തെയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളും ഇനി നിരത്തിലിറങ്ങാനിടയില്ല. കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ എല്ലാവർക്കുമറിയാമല്ലോ. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വേലിയേറ്റത്തിനാണ് നാമിനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ അതു നിയന്ത്രിക്കാനും എല്ലാ സാമൂഹ്യ നിയന്ത്രണങ്ങളോേെടയും പൊതുഗതാഗതം നിലനിർത്താനും ഹ്രസ്വകാല - ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. 


ഇതെല്ലാം പറയുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന ചോദ്യമാണ് എവിടെനിന്നാണ് സർക്കാറിനു പണമെന്നത്. തുടക്കത്തിൽ പറഞ്ഞ പ്രധാന വരുമാന മാർഗങ്ങളിൽ പലതും ഇനിയുള്ള കാലം കുറയുമെന്നുറപ്പ്. അപ്പോൾ പണത്തിന്റെ പുതിയ ഉറവിടങ്ങൾ കാണണം. തുടക്കത്തിൽ ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ സഹകരണ മേഖലയടക്കം ബാങ്കുകളിലും ഒഹരി വിപണിയിലും മറ്റും നിർജീവമായി കിടക്കുന്ന പണം ഉൽപാദന മാർഗങ്ങളിലേക്ക് തിരിച്ചുവിടുക എന്നതാണ്. അതു പക്ഷേ ഇപ്പോൾ നിലനിൽക്കുന്ന പോലെ സർക്കാർ നേരിട്ട് വ്യവസായങ്ങൾ നടത്തുകയല്ല. അതെല്ലാം സർക്കാറിന്റെ മിനിമം നിയന്ത്രണങ്ങളോടെ സ്വകാര്യ മേഖല നടത്തട്ടെ. അതിനനുസൃതമായ ഒരു അന്തരീക്ഷം ഒരുക്കാനാണ് സർക്കാർ തയാറാകേണ്ടത്. പ്രവാസികളെ ഇതിൽ സജീവമായി പങ്കാളികളാക്കണം. ഈ സംരംഭങ്ങളാകട്ടെ, കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്നവയും നമ്മുടെ കാർഷിക മേഖലയിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളും മാനവ വിഭവ ശേഷിയും ഉപയോഗിക്കുന്നതായിരിക്കണം. തീർച്ചയായും അതിന് കാർഷിക മേഖലയിലെ ഉണർവ് അനിവാര്യമാണ്. ആ ദിശയിലും അനുയോജ്യമായ അന്തരീക്ഷമൊരുക്കി കൊടുക്കാനാണ് സർക്കാർ തയാറാകേണ്ടത്. അതേക്കുറിച്ചുള്ള ചെറിയ ചർച്ചകളൊക്കെ ആരംഭിച്ചിട്ടുണ്ട്. അതേസമയം പലരും ചൂണ്ടിക്കാണിച്ച പോലെ ദീർഘകാലാടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമാണ്. മറുവശത്ത് പരമ്പരാഗത വ്യവസായങ്ങളും ആധുനികമായ ഐ.ടി വ്യവസായവും വികസിപ്പിക്കാനും നടപടികളെടുക്കണം.  


ആധുനിക കാലത്ത് പൂർണമായും സ്വന്തം കാലിൽ നിൽക്കാൻ ഒരു സമൂഹത്തിനുമാകില്ല എന്ന് എല്ലാവർക്കുമറിയാം. എന്നാൽ നമ്മുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ചാവണം മറ്റുള്ളവരെ ആശ്രയിക്കുന്നത്. അതുപോലെ പലതിനും അവർ നമ്മളെയും ആശ്രയിക്കും. ഇപ്പോഴത്തെ പൂർണമായും ആശ്രിതമായ അവസ്ഥയിൽ നിന്ന് നമുക്ക് കരകയറാനാകും. പക്ഷേ അതിനായി അന്ധമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങൾ മാറ്റിവെച്ച് യാഥാർത്ഥ്യ ബോധ്യത്തോടെ വസ്തുതകൾ മനസ്സിലാക്കി അടിമുടി ഒരു പൊളിച്ചെഴുത്തിന്  തയാറാകണം. അതിനുള്ള ആർജവമാണ് സർക്കാറും ജനങ്ങളും ഇനിയുള്ള കാലം പ്രകടമാക്കേണ്ടത്. അല്ലെങ്കിൽ കോവിഡാനന്തര കാലത്തെ അതിജീവിക്കാൻ കേരള സമൂഹത്തിനാകില്ല. എന്നുറപ്പ്.

Latest News