റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ സ്ഥാപിച്ച മുപ്പത്തിനാലു എ.ടി.എമ്മുകൾ തകർത്ത് പണം കവരുന്നതിന് ശ്രമിച്ച മൂന്നംഗ സൗദി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ബാങ്കുകൾക്കു കീഴിലെ എ.ടി.എമ്മുകളാണ് സംഘം തകർത്തത്. പരാതികൾ ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം എ.ടി.എമ്മുകളിൽ ഒന്ന് തകർക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് സൗദി യുവാക്കൾ പിടിയിലായത്. മുപ്പത്തിനാലു എ.ടി.എമ്മുകൾ തകർത്തതായി സംഘം കുറ്റസമ്മതം നടത്തി. ഇതിൽ അഞ്ച് കേസുകളെക്കുറിച്ചു മാത്രമാണ് ബാങ്കുകൾ പോലീസിൽ പരാതികൾ നൽകിയിരുന്നത്. പണം നഷ്ടപ്പെടാത്തതിനാൽ 29 കേസുകളെക്കുറിച്ച് ബാങ്കുകൾ പരാതികൾ നൽകിയിരുന്നില്ല. തുടർ നടപടികൾ സ്വീകരിക്കുന്നതിന് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് റിയാദ് പോലീസ് വക്താവ് കേണൽ ഫവാസ് അൽമൈമാൻ പറഞ്ഞു.
അസീർ പ്രവിശ്യയിലെ തുറൈബിൽ ടെല്ലർ മെഷീൻ കൊള്ളയടിക്കുന്നതിന് ശ്രമിച്ച സംഘത്തിനു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലർച്ചെയാണ് സംഘം അൽറാജ്ഹി ബാങ്കിനു കീഴിലെ എ.ടി.എം കൊള്ളയടിക്കുന്നതിന് ശ്രമിച്ചത്. അബഹയിലെ എ.ടി.എം ആണ് സംഘം ആദ്യം കൊള്ളയടിക്കുന്നതിന് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് തുറൈബിൽ എ.ടി.എം കൊള്ളയടിക്കുന്നതിന് സംഘം ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ രണ്ടിടങ്ങളിലെയും സി.സി.ടി.വി റെക്കോർഡ് ചെയ്തിട്ടുണ്ട്. കാർ ഉപയോഗിച്ച് കെട്ടിവലിച്ച് എ.ടി.എം ഇളക്കിമാറ്റി ഇരുനൂറു മീറ്റർ ദൂരെ എത്തിച്ച സംഘത്തിന് ടെല്ലർ മെഷീനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുന്നതിന് സാധിച്ചില്ല. തുടർന്ന് എ.ടി.എം ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.






