കോട്ടയം - ലോക് ഡൗണിൽ ചലച്ചിത്ര വ്യവസായത്തിനേറ്റ തിരിച്ചടി മറികടക്കാൻ ബദൽ മാർഗം തേടി നിർമാതാക്കൾ. തമിഴ് ചലച്ചിത്രമാതൃകയിൽ ഓൺലൈൻ റിലീസിന് പരിപാടിയിട്ടെങ്കിലും തീയറ്റർ ഉടമകൾ ആദ്യം ഉടക്കി. മലയാള ചലച്ചിത്രങ്ങൾക്ക്് തമിഴ് തെലുങ്ക് ചിത്രങ്ങളെപ്പോലെ ഓൺലൈൻ ഹിറ്റാകാനുളള പ്രേക്ഷക സദസ് ഇല്ലാത്തത്താണ് മറ്റൊരു കടമ്പ. ഇതിനാൽ ചിത്രം വൻതുക മുടക്കി ഏറ്റെടുക്കാൻ ഓൺലൈൻ കമ്പനികൾക്ക് താൽപര്യമില്ല. എങ്കിലും സിനിമകൾ പൊടിപിടിച്ചു പോകാതെ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുളള നീക്കത്തിലാണ്.
ലോക് ഡൗണിന് മുമ്പു മാർച്ച് ആദ്യം തന്നെ കേരളത്തിലെ തീയറ്റുകൾ അടച്ചതാണ്. ലോക് ഡൗൺ പിൻവലിച്ചാലും തീയറ്ററുകൾ ഉടൻ തുറക്കാനിടയില്ല. സാമൂഹ്യ അകലം പാലിക്കുന്നത് ഏറെ നാൾ തുടരാനാണ് സാധ്യത. ജൂൺ മാസത്തോടെ തിയറ്റുകൾ തുറക്കാനുളള അനുമതി ലഭിച്ചാലും നിറഞ്ഞ സദസുകളിലുളള പ്രദർശനം അനുവദിക്കില്ല. സീറ്റ് അകലം പാലിച്ചുമാത്രമേ പ്രദർശനം സാധിക്കൂ. ഇത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കും.
ചലച്ചിത്ര നിർമാതാക്കളെ സംബന്ധിച്ചിടത്തോളം മുടക്കുമുതൽ പെട്ടിയിലായ അവസ്ഥയിലാണ്. ഏതാണ്ട് 600 കോടിയോളം രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്്. വായ്പയെടുത്ത് ചിത്രം നിർമിച്ചവർ ആകെ വെട്ടിലായിരിക്കുകയാണ്. വിഷു- റമദാൻ ചിത്രങ്ങൾ എന്നു പ്രദർശിപ്പിക്കാനാവും എന്നറിയില്ല. ഈ സാഹചര്യത്തിലാണ് ഓൺലൈൻ പഌറ്റ്ഫോമിൽ റീലിസ് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച സജീവമായത്്. ഇതിനായി ചില നിർമാതാക്കൾ പ്രമുഖ ഓൺലൈൻ കമ്പനികളെ സമീപിക്കുകയും ചെയ്തു. കുഞ്ഞാലിമരയ്ക്കാർ, വൺ, കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ് , ആസിഫിന്റെ കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങൾ മാർച്ചിനുശേഷം വെള്ളിത്തിരയിലെത്തേണ്ടതായിരുന്നു.
ജ്യോതിക നായികയായ പൊൻമകൾ വന്താൽ എന്ന തമിഴ് സിനിമയുടെ ഓൺലൈൻ റിലീസാണ് നെറ്റ് റിലീസ് എന്ന ആശയത്തിലേക്ക് കേരളത്തിലെ നിർമാതാക്കളെയും എത്തിച്ചത്്. പൊൻമകൾ വന്താലിനെ തുടർന്ന്്് തൃഷയുടെ പരമപാദം വിളയാട്ടു ഓൺലൈൻ റിലീസിന് തയാറെടുക്കുകയാണ്. തിയറ്റർ ഉടമകൾ ഉയർത്തുന്ന എതിർപ്പാണ് കൂടുതൽ സിനിമകൾ ഓൺലൈൻ റീലിസിന് വരാതിരിക്കുന്നതിനുളള പ്രധാന കാരണം. പൊൻമകൾ വന്താൽ സിനിമ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. മലയാള ചലച്ചിത്രങ്ങളുടെ ഓൺലൈൻ വിപണന സാധ്യത കുറവാണെന്നതിനാൽ ഉയർന്ന പ്രതിഫലം നൽകാൻ തയാറല്ല. എങ്കിലും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷേ ലോക് ഡൗണും തുടർന്നുളള നിയന്ത്രണങ്ങളും തിയറ്റർ റിലീസ് വൈകിച്ചാൽ മലയാളത്തിലെ നിർമാതാക്കൾക്കും പുതിയ വഴി സ്വീകരിക്കേണ്ടി വരും.