കണ്ണൂർ- ജില്ലയിൽ ഇന്നലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ രോഗമുക്തരായി. നിലവിൽ 38 പേരാണ് രോഗബാധയെത്തുടർന്ന് ചികിത്സയിൽ തുടരുന്നത്. ജില്ലയിൽ 23 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൂത്തുപറമ്പ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2543 പേർ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 51 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരാളും ജില്ലാ ആശുപത്രിയിൽ നാലു പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 30 പേരും വീടുകളിൽ 2457 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 3803 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3562 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 3372 എണ്ണം നെഗറ്റീവാണ്. 241 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. അതിനിടെ, കണ്ണൂരിൽ ഇനി വരാനിരിക്കുന്ന ദിനങ്ങൾ കോവിഡ് പരിശോധനയിൽ നിർണായകമാണ്.
രോഗബാധിതരുമായി ഏറ്റവും അടുത്ത് ഇടപെഴകിയിരുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പരിശോധനാ ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായി നടത്തിയ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയായിട്ടും ഇതുവരെ കണ്ണൂരിൽ ആരോഗ്യ പ്രവർത്തർക്ക് ആർക്കും രോഗബാധയുണ്ടായിട്ടില്ല.
അതിനിടെ ജില്ലയിൽ നിലവിലെ നിയന്ത്രണങ്ങൾ അതുപോലെ തുടരാനാണ് പോലീസിന്റെ തീരുമാനം. ലോക് ഡൗൺ പിൻവലിക്കുന്നതു വരെ ട്രിപ്പിൾ ലോക് സുരക്ഷ ഏർപ്പെടുത്തുമെന്നും, ഗ്രീൻ സോൺ ആകുന്നതു വരെ കണ്ണൂരിൽ യാതൊരു വിധ ഇളവുകളും ഉണ്ടാവില്ലെന്നും ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി.






