വിദേശത്തുനിന്ന് മടങ്ങാന്‍ രജിസ്റ്റർ ചെയ്ത പ്രവാസികള്‍ നാല് ലക്ഷമായി

തിരുവനന്തപുരം- കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം 5.34 ലക്ഷമായി. നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

വിദേശ രാജ്യങ്ങളിൽനിന്ന് മടങ്ങി വരുന്നതിനായി 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം പേരുമാണ് നോർക്കയിൽ ഇതിനകം രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തവരുടെ പേര് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാനും അഭ്യർഥിക്കും.

ഏറ്റവും കൂടുതൽ വിദേശ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യു.എ.ഇയിൽ നിന്നാണ്. ഇവിടെനിന്ന് ഇന്നുവരെ 175423 പേർ രജിസ്റ്റർ ചെയ്തു.

സൗദി അറേബ്യയിൽ നിന്ന് 54,305 പേരും യു.കെയിൽ നിന്ന് 2437 പേരും അമേരിക്കയിൽ നിന്ന് 2255 പേരും ഉക്രൈയിനിൽ നിന്ന് 1958 പേരും  മടങ്ങി വരുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതര സംസ്ഥാന പ്രവാസികളിൽ കർണാടകയിൽ നിന്നാണ് ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടെനിന്നും 44871 പേരാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്നത്. തമിഴ്നാട് (41425) മഹാരാഷ്ട്ര (19029) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

Latest News