ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയ പശ്ചാത്തലത്തില്‍, ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള നിരോധനവും തുടരാന്‍ തീരുമാനം. ലോക്ഡൗണ്‍ മൂന്നാംഘട്ടത്തിന്റെ സമയപരിധി തീരുന്ന മെയ് 17 വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് തുടരാനാണ് ഡിജിസിഐയുടെ സര്‍ക്കുലറില്‍ പറയുന്നത്. ചരക്കുനീക്കം നടത്തുന്നതിന് തടസ്സമില്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി കൊണ്ടുളള തീരുമാനം വന്നത്. മെയ് നാലുമുതല്‍ മെയ് 17 വരെയാണ് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍. ഗ്രീന്‍സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ട് മാര്‍ഗനിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മെയ് പകുതിയോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുന്ന വിധം വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30 ശതമാനം സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.






