തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വയനാട് സ്വദേശിക്കും കണ്ണൂര്‍ ജില്ലക്കാരനുമാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. എട്ടു പേര് രോഗമുക്തി നേടി. കണ്ണൂരിൽ ആറും ഇടുക്കിയിൽനിന്ന് രണ്ടുപേര്‍ക്കുമാണ് രോഗം ഭേദമായത്.
ഇതുവരെ ഗ്രീൻ സോണിലായിരുന്ന വയനാട്ടില്‍ ഒരു മാസത്തിൽ അധികമായി പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇന്ന് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ വയനാടിനെ ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
499 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 96 പേര് ചികിൽസയിലുണ്ട്. 21,894 പേർ നിരീക്ഷണത്തിലാണ്. അതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലും കഴിയുന്നു. ഇന്ന് 80 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ആകെ 80 ഹോട്സ്പോട്ടുകളില്‍ 23ഉം കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കൂടുതൽപേർ രോഗ്ബാധിതരുള്ളതും കണ്ണൂരാണ്. 38 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കോട്ടയത്ത് 18 പേരും കൊല്ലത്തും ഇടുക്കിയിലും 12പേർ വീതവും ചികിൽസയിലുണ്ട്.






