കൊല്‍ക്കത്ത-പകര്‍ച്ച വ്യാധികളും ക്ഷാമവും കൂട്ടമരണങ്ങളുമടക്കം ദുരന്തങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു ലോക്ഡൗണ്‍ വിശ്വസിക്കാനാവാതെ 110 കാരന്‍ ഹരധന്‍ സാഹ.
പശ്ചിമ ബംഗാളിലെ പശ്ചിമ ബര്‍ദ്വാന്‍ ജില്ലയിലെ സ്വരസ്വതി ഗഞ്ച് ഗ്രാമത്തിലാണ് സാഹ താമസം. കോവിഡ് വ്യാപനം തടയുന്നതിന്റെ പേരില്‍ അടിച്ചേല്‍പിച്ച ലോക്ഡൗണ്‍ തന്റെ ജീവിതത്തില്‍ ആദ്യ സംഭവമാണെന്ന് അദ്ദേഹം പറയുന്നു.
1940കളിലെ ബംഗാള്‍ ക്ഷാമം ഞാന്‍ കണ്ടു. 1974 ല്‍ പടര്‍ന്നുപിടിച്ച വസൂരിക്ക് സാക്ഷ്യം വഹിച്ചു. കോളറയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടരുന്ന ലോക്ഡൗണ്‍ തന്റെ ജീവിതത്തില്‍ ആദ്യമാണ്. ഒന്നര മാസമായി ജനങ്ങള്‍ അടച്ചുപൂട്ടി വീടുകളില്‍ കഴിയുന്നത് വിശ്വസിക്കാനാവുന്നില്ല- സാഹ പറഞ്ഞു.
നാല് ദശാബ്ദം മുമ്പ് വസൂരി പടര്‍ന്നു പിടിച്ചപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഒട്ടും ചികിത്സാ സൗകര്യങ്ങളുണ്ടായിരുന്നില്ല. ചികിത്സാ സൗകര്യങ്ങള്‍ ഇന്നത്തെ പോലെ വികസിക്കാത്ത അക്കാലത്ത് അടുത്ത സുഹൃത്തിനെ വസൂരി പിടിച്ച് നഷ്ടമായ കാര്യം സാഹ ഇപ്പോഴും ഓര്‍ക്കുന്നു.
ലക്ഷങ്ങളുടെ ജീവനെടുത്ത കോവിഡിന് മരുന്ന് കണ്ടുപിടിക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് സാഹ. കേള്‍വിക്കുറവല്ലാതെ മറ്റു അസുഖങ്ങളൊന്നുമില്ലാത്ത ഇദ്ദേഹം നൂറ്റിപ്പത്താം വയസ്സിലും ആരോഗ്യവാനാണ്. ലോക് ഡൗണ്‍ വരുന്നതുവരെ എല്ലാ ദിവസവും സമീപത്തെ ക്ഷേത്രത്തിലെത്തുന്ന ഇദ്ദേഹം നാട്ടുകാരോട് സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ ദുഃഖിതനാണ്. നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ നീക്കണമെന്നും തനിക്ക് പുറത്തു പോകണമെന്നും അദ്ദേഹം പറഞ്ഞു.






