ലോക്ക്ഡൗണ്‍: കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ 18 പേര്‍ താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍ - Video

ന്യൂദല്‍ഹി- ജോലിനഷ്ടപ്പെട്ട്, ഭക്ഷണവും താമസസൗകര്യങ്ങളുമില്ലാതെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതകഥകള്‍ ലോക്ക്ഡൗണിന്റെ ആരംഭം മുതല്‍ക്കുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. ലോക്ക്ഡൗണ്‍ അനിശ്ചിതമായി നീളുമ്പോള്‍ അരക്ഷിതരായ തൊഴിലാളി കുടുംബങ്ങള്‍ നാട്ടിലെത്താനുള്ള ശ്രമത്തിനിടെ വഴിയില്‍ മരിച്ചുവീണ സംഭവങ്ങളും നിരവധി.

അതിസാഹസികമായൊരു ലോക്ക്ഡൗണ്‍ യാത്രയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ‌എന്‍‌ഐയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ 18 കുടിയേറ്റ തൊഴിലാളികള്‍ താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ച ടാങ്കര്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് പോലിസ് പരിശോധിച്ചപ്പോഴാണ് കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ തൊഴിലാളികളെ കണ്ടെത്തിയത്. തുടര്‍ന്ന് ട്രക്ക് പിടിച്ചെടുത്ത പോലിസ് എല്ലാവരേയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. 

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് മുമ്പേ സ്വന്തം വഴി തേടിയവരാണ് ഇനിയും വീട്ടിലെത്താനാകാതെ ദുരിതത്തിലായിരിക്കുന്നത്.

Latest News