പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധമില്ല; എന്‍ഐഎ ആരോപണം തള്ളി അഭിലാഷ് പടച്ചേരി

കോഴിക്കോട്- പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ,താഹ എന്നിവരെ മാവോയിസ്റ്റ് സംഘത്തിലെത്തിച്ചത് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായവരെന്ന എന്‍ഐഎ റിപ്പോര്‍ട്ട് തള്ളി യുവാവ്. ഇന്നലെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച അഭിലാഷ് പടച്ചേരിയെന്ന യുവാവാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധമില്ലെന്നും അലനെയും താഹയെയും അറിയില്ലെന്നുമാണ് അഭിലാഷ് പടച്ചേരി അറിയിച്ചത്. എന്‍ഐഎ കെട്ടുകഥകളുണ്ടാക്കി പിടികൂടാനാണ് ശ്രമിക്കുന്നത്. യുഎപിഎ കേസില്‍ ഇനിയും പിടികൂടാനുള്ള മൂന്നാംപ്രതി സി.പി ഉസ്മാനുമായി അഭിലാഷിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്.

കൂടാതെ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും സിപിഐ മാവോയിസ്റ്റിലേക്ക് അടുപ്പിച്ചതും താനാണെന്ന എന്‍ഐഎ വാര്‍ത്താകുറിപ്പും അദ്ദേഹം നിരസിച്ചു. ഇന്നലെയാണ് പെരിയങ്ങാട് നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ സിപിഐ മാവോയിസ്റ്റ് സംഘടനയിലെ കണ്ണികളാണെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. വയനാട് സ്വദേശി വിജിത്തും കണ്ണൂര്‍ സ്വദേശി അഭിലാഷിനും പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രതികളെ സിപിഐ മാവോയിസ്റ്റുമായി ബന്ധപ്പെടുത്തിയതെന്നും എന്‍ഐഎ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
 

Latest News