ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

ന്യൂദല്‍ഹി- ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്ള ഇസ്ലാംഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ദല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് സോഷ്യല്‍മീഡിയയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്തത്. ഐപിസി 124 എ,153 എ തുടങ്ങി നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താന്‍ എഫ്‌ഐആര്‍ കണ്ടിട്ടില്ലെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് രാജ്യദ്രോഹം ചുമത്തിയെന്ന റിപ്പോര്‍ട്ടുകളോട് സഫറുള്ള ഇസ്ലാംഖാന്‍ പ്രതികരിച്ചത്.

ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. വടക്ക്കിഴക്കന്‍ മേഘാലയില്‍ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച കുവൈത്തിന് നന്ദി അറിയിച്ചായിരുന്നു അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത്. ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാമോഫോബിയയ്ക്ക് എതിരെ അറബ് ലോകത്ത് നടന്ന കാമ്പയിനെ അനുകൂലിച്ച് കൂടിയായിരുന്നു പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് തന്റെ ട്വീറ്റില്‍ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ ദല്‍ഹിയിലെ വസന്ത്കുഞ്ചിലുള്ള ഒരാളാണ് പോലിസിന് പരാതി നല്‍കിയത്.
 

Latest News