Sorry, you need to enable JavaScript to visit this website.

ആരോഗ്യ സേതു ആപ്പ് പാക്കിസ്ഥാൻ ദുരുപയോഗം ചെയ്യുമെന്ന്; സൈനികരോട് കരുതിയിരിക്കാൻ നിർദ്ദേശം

ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിനും വിവരകൈമാറ്റത്തിനും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ആരോഗ്യസേതു ആപ്പ് ശത്രു രാജ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സൈനികർ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ആർമിയുടെ മുന്നറിയിപ്പ്. ഇതേ ആപ്പിന് സമാനമായ ആപ്ലിക്കേഷനുണ്ടാക്കി സൈനികരുടെ വിവരങ്ങൾ ചോർത്താൻ ശത്രുരാജ്യങ്ങൾ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ ഇന്റലിജൻസ് ഗ്രൂപ്പ് ഇത്തരം ആപ്പുകൾ സൃഷ്ടിച്ച് ഇന്ത്യൻ സൈനികരിൽ ആശയകുഴപ്പമുണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു. അനുഷ്‌ക ചോപ്ര എന്ന വ്യാജ പേരിൽ ഇന്ത്യൻ സൈനികരുടെ വാട്‌സാപ്പ് നമ്പറിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം അയക്കുന്നുണ്ടെന്നും സൈന്യം മുന്നറിയിപ്പ് നൽകി. 

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.  കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെ മൊബൈൽ ഫോണുകളിൽ കോവിഡ് മുന്നറിയിപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ നൽകുന്ന ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണമെന്നാണ് കേന്ദ്ര പഴ്‌സണൽ കാര്യ വകുപ്പിന്റെ നിർദേശം.
ജീവനക്കാർ ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുൻപായി ആപ് പരിശോധിച്ചു തങ്ങളുടെ ആരോഗ്യ സ്ഥിതി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം. കോവിഡ് ബാധിക്കാനുള്ള സമ്പർക്ക സാധ്യതകൾ ഉൾപ്പടെ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുൻപായ് ആപ്പ് പരിശോധിക്കുമ്പോൾ ജീവനക്കാർ സുരക്ഷിതരല്ലെന്ന വിവരമാണ് ലഭിക്കുന്നതെങ്കിൽ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഏതെങ്കിലും കോവിഡ് ബാധിതനുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം ഉൾപ്പടെ ആപ്പിൽ വ്യക്തമാക്കും. 
    നീതി ആയോഗിന്റെ ആസ്ഥാനമായ നീതി ഭവനിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരനും കഴിഞ്ഞ പല ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. നീതി ആയോഗ് ഓഫീസ് ചൊവ്വാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഈ ഓഫീസുകളിൽ കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ കഴിയുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ആരോഗ്യ സേതു ആപ് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശം ഇറങ്ങിയത്.
 

Latest News