കോവിഡിൽപെട്ട് ലോകം തകർന്നടിയുമ്പോൾ അന്താരാഷ്ട്ര മരുന്ന് കമ്പനികൾ തടിച്ചു കൊഴുക്കുന്നു

കൊച്ചി- കോവിഡ് മഹാമാരി മൂലം ലോകം സാമ്പത്തിക തകർച്ചയെ നേരിടുമ്പോൾ ചില കമ്പനികൾ ബംബർ നേട്ടം കൊയ്യുന്നുണ്ട്. കോവിഡ് പ്രതിരോധത്തിൽ സുപ്രധാന പങ്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് ഉൽപാദിപ്പിക്കുന്ന അമേരിക്കയിൽ നിന്നുള്ള മരുന്നു നിർമാണക്കമ്പനിയായ മൈലാൻ ആണ് ഇതിൽ ഒന്ന്. ജീവനക്കാർക്ക് പതിവു ശമ്പള വർധനയ്‌ക്കൊപ്പം അടുത്ത അഞ്ച് മാസക്കാലം ജോലി ചെയ്യുന്ന ഓരോ ദിവസത്തെയും അടിസ്ഥാന ശമ്പളത്തിന്റെ പകുതി വീതംകൂടി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മൈലാൻ.
കോവിഡ് കാലത്തും മുടങ്ങാതെ ജോലിക്കെത്തിയവർക്കുളള അഭിനന്ദനത്തിനൊപ്പമാണ് എക്‌സ്‌ഗ്രേഷ്യ തുക നൽകുമെന്ന വിവരം ജീവനക്കാരെ അറിയിച്ചത്. അമേരിക്കയിലെ ഇവരുടെ ജീവനക്കാർക്കും ശമ്പള വർധനയും 


എക്‌സ്‌ഗ്രേഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിൽ ഒരു ജീവനക്കാരന് ശരാശരി 2000 ഡോളറിൽ കുറയാത്ത തുകയാണ് എക്‌സ്‌ഗ്രേഷ്യയായി മാത്രം പ്രതിമാസം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഹൈദരാബാദ്, നാസിക്, ബംഗളൂരു, ഹൊസൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇവർക്ക് പ്ലാന്റുകൾ.
നാസിക്കിലാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉൽപാദനത്തിന്റെ നല്ലൊരു പങ്കും നടക്കുന്നത്. ബംഗളൂരുവിലും ഹൊസൂരിലുമെല്ലാം ഉള്ള പ്ലാന്റിൽ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നു നിർമാണമാണ് നടക്കുന്നത്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ മരുന്നും വിദേശത്തേയ്ക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
2007 ലാണ് മൈലാൻ ഇന്ത്യയിലെത്തുന്നത്. മെട്രിക്‌സ് ലബോറട്ടറീസ് ലിമിറ്റഡിനെ ഏറ്റെടുത്തു കൊണ്ടായിരുന്നു അത്. തൊട്ടു പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായി മൈലാൻ മാറി. ലോകത്താകെ 35,000 ജീവനക്കാരാണ് ഇവർക്കുള്ളത്. ഇതിൽ പകുതിയും ഇന്ത്യയിലാണ്. 40 ഉൽപാദന കേന്ദ്രങ്ങൾ ഉള്ളതിൽ 21 എണ്ണവും ഇന്ത്യയിൽ തന്നെ. ലോകത്താകമാനമുള്ള എച്ച്.ഐ.വി രോഗികളിൽ നല്ലൊരു പങ്കും ഇവരുടെ ഉൽപന്നത്തെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.

Latest News