Sorry, you need to enable JavaScript to visit this website.

ആറ് ലക്ഷം പേർക്ക് കൗൺസലിംഗ് നൽകിയെന്ന്  ആരോഗ്യമന്ത്രി; നിഷേധിച്ച് സൈക്കോളജിസ്റ്റുകൾ

കൊച്ചി- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ ആറ് ലക്ഷം പേർക്ക് കൗൺസലിംഗ് നൽകിയെന്ന് ആരോഗ്യമന്ത്രി. എന്നാൽ, ഇത് നിഷേധിച്ച് സൈക്കോളജിസ്റ്റുകൾ രംഗത്തെത്തി. ആറു ലക്ഷത്തിലധികം പേർക്ക് ടെലി കൗൺസലിംഗ് നൽകിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകമാണ് രംഗത്തെത്തിയത്. സർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സി.പി.സതീഷും അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വി.ബിജിയും പറഞ്ഞു.


കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിൽ ഏത് രീതിയിലുള്ള ഇടപെടലിനും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ ലഭ്യമാക്കാം എന്നറിയിച്ച് സർക്കാരിന് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സതീഷ് പറയുന്നു. യോഗ്യതയുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പോലും ഉൾപ്പെടുത്താതെയാണ് സർക്കാർ ഈ പ്രോഗ്രാം തയാറാക്കിയത്. നിലവിൽ ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിലുള്ള കൗൺസലിംഗ് ശാസ്ത്രീയമായ രീതിയിലല്ല നടക്കുന്നത്. പൊതുജനത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ എടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. മാനസികമായ ഇടപെടൽ നടത്തുന്നതിനു യോഗ്യതയുള്ളവരെ അല്ല നിലവിൽ സർക്കാർ ഉപയോഗപ്പെടുത്തുന്നത്. ഈ പദ്ധതി തയാറാക്കിയപ്പോൾ ഈ വിഷയം സൈക്കോളജിസ്റ്റുകളുമായി ചർച്ച ചെയ്യാൻ സർക്കാരും തയാറായിട്ടില്ല. 


സൈക്കോളജിക്കൽ ഇടപെടൽ എന്താണെന്ന് സർക്കാരിനോ പദ്ധതി നടപ്പാക്കുന്നവർക്കോ അറിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. വ്യക്തികളുടെ വൈകാരിക വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ളവർ തന്നെ വേണം. കുറഞ്ഞത് ഇവരുടെ മേൽനോട്ടത്തിൽ ചെയ്യേണ്ട കാര്യമാണിത് എന്നിരിക്കെയാണ് വേണ്ടത്ര പരിശീലനമില്ലാത്ത സംഘത്തെ നിയോഗിച്ചത്. എല്ലാ ജില്ലയിലുള്ളവരെയും ഉൾപ്പെടുത്തി പരിശീലനം നൽകുകയും ട്രെയിനിങ് കിട്ടിയവർക്ക് മറ്റ് കൗൺസിലേഴ്‌സിനെ ട്രെയിൻ ചെയ്യുകയുമാണ് വേണ്ടത്.
കൗൺസിലർക്ക് ഓരോ കേസുകളിലും എത്രത്തോളം ഇടപെടാനാകും, ഓരോരുത്തരെയും എവിടേയ്ക്ക് റഫർ ചെയ്യണം എന്നതിലെല്ലാം വേണ്ട പരിശീലനം നൽകണം. പല കേസുകളിലും വളരെ ഉൽകണ്ഠയും ഡിപ്രഷനും ഉള്ളവരാണ് വിളിക്കുന്നത്. മെഡിക്കൽ ട്രീറ്റ്‌മെന്റ് വേണ്ടവരുമുണ്ട്. ആത്മഹത്യാ പ്രവണത കാണിക്കുന്നവരും വിളിക്കും. ഇതെല്ലാം തിരിച്ചറിഞ്ഞ് ഇടപെടൽ നടത്തിയില്ലെങ്കിൽ കൗൺസലിംഗിലൂടെ ഉദ്ദേശിച്ച ഫലമായിരിക്കില്ല ലഭിക്കുകയെന്നും ഇവർ പറഞ്ഞു.


മെന്റൽ ഹെൽത്ത് പ്രൊഫഷനലിന്റെ യോഗ്യത എന്നു പറയുന്നത് ക്ലിനിക്കൽ സൈക്കോളജിയിലുള്ള എം.ഫിലാണ്. ഒപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും വേണം. ഇത്തരത്തിൽ രജിസ്‌ട്രേഡ് ആയ ഒരാളുടെ മേൽനോട്ടത്തിൽ ഒരാൾക്ക് മാനസികാരോഗ്യ സേവനം നൽകാവുന്നതാണ്. എന്നാൽ സ്വതന്ത്രമായി രോഗികളെ കാണുന്നതിനോ ചികിത്സകൾ നിർദേശിക്കുന്നതിനോ അനുമതിയില്ല. അങ്ങനെ ചെയ്യുമ്പോൾ വ്യക്തികളുടെ മനോനില തിരിച്ചറിയാതെ പ്രവർത്തിക്കുന്നതിനാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുന്നതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.


കോവിഡ് ഭീതിയിലായിട്ടുള്ള പൊതുജനങ്ങൾക്ക് മാനസിക, സാമൂഹിക പിന്തുണ നൽകുന്നതിനായി നിയോഗിച്ച 1064 മാനസികാരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്ന 2,22,848 വ്യക്തികൾക്ക് ടെലി കൗൺസലിംഗ് നൽകിയതായി മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഭിന്നശേഷിക്കാരും അതിഥി തൊഴിലാളികളും പൊതുജനവും ഉൾപ്പെടെ 6,31,127 പേർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ടെലി കൗൺസലിംഗ് നൽകിയതായും പറയുന്നുണ്ട്. കൊറോണ രോഗ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവരുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും ടെലി കൗൺസലിംഗ് നൽകുന്നതായാണ് മന്ത്രി അറിയിച്ചത്. 
 

Latest News